covid

പത്തനാപുരം: കൊവിഡ് പ്രതിരോധവും മഴക്കാല പൂർവ ശുചീകരണവും ശക്തമാക്കാനൊരുങ്ങി പത്തനാപുരം ഗ്രാമപഞ്ചായത്ത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനായി ക്ലസ്റ്ററുകൾ പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനും തീരുമാനിച്ചതായി ഭരണസമിതി അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും പരിശോധനയ്ക്കായി വാർഡ് തലത്തിൽ സൗകര്യമൊരുക്കുമെന്നും വാക്സിൻ ക്ഷാമം പരിഹരിക്കുന്നതോടെ മേഖലാ അടിസ്ഥാനത്തിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കാലമെത്തുന്നതോടെ പകർച്ചാവ്യാധി ഭീഷണി കൂടി കണക്കിലെടുത്ത് മഴക്കാല പൂർവ ശുചീകരണവും നടത്തും. ഇന്ന് രാവിലെ ഒൻപതിന് പട്ടണം കേന്ദ്രീകരിച്ച് കല്ലുംകടവ് മുതൽ ചെമ്മാൻപാലം വരെയും മാർക്കറ്റും ശുചീകരിക്കും.26ന് വാർഡ് തലശുചീകരണം നടക്കും.ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ,ആരോഗ്യപ്രവർത്തകർ,യുവജനസംഘടനകൾ,സന്നദ്ധസംഘടനകൾ,വ്യാപാരികൾ,എൻ. എസ്. എസ് യൂണിറ്റുകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി,വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഏ.ബി. അൻസാർ,കെ.വൈ.സുനറ്റ് എന്നിവർ അറിയിച്ചു.