ഏരൂർ: ഭാരതീപുരം തോട്ടം മുക്കിൽ കൊല്ലപ്പെട്ട ഷാജിപീറ്ററുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതായിരുന്നു. വല്ലപ്പോഴും മാത്രം നാട്ടിലും വീട്ടിലുമെത്തുന്ന ഷാജി എവിടെയായിരുന്നുവെന്നും എന്ത് തൊഴിലാണ് ചെയ്തിരുന്നതെന്നും ആർക്കും അറിയില്ലായിരുന്നു.
നാട്ടിൽ ചില്ലറ മോഷണം നടത്തിയും ചിലപ്പോൾ അടിപിടിയുണ്ടാക്കിയ ശേഷവും അപ്രത്യക്ഷമാകുന്നതാണ് ശീലം. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഷാജി നാട്ടിലെത്തുക. അതുകൊണ്ടുതന്നെ രണ്ടരവർഷം കാണാതായിട്ടും നാട്ടുകാരും ഷാജിയെ കുറിച്ച് അന്വേഷിച്ചില്ല. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എത്തിയെങ്കിലും വീട്ടുകാർ വ്യക്തമായ ഉത്തരം നൽകിയില്ല. വീടുവിട്ട് പോയെന്നും മലപ്പുറത്തെവിടെയോ ആണെന്നുമാണ് അന്ന് പൊലീസിനോട് പറഞ്ഞിരുന്നത്. മാദ്ധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.