ചവറ: ചവറ വികാസ് കലാസാംസ്കാരിക സമിതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച എ. ജോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചവറ ഗ്രാമ പഞ്ചായത്തിലെ കാൻസർ രോഗികൾക്ക് സ്ഥിരമായി സഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം 24ന് നടക്കും. വികാസ് ഭദ്രം പദ്ധതിയിലൂടെ കാൻസർ സാദ്ധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കി പ്രാഥമിക ലക്ഷണമുള്ളവർക്ക് ചികിത്സ നൽകിയിരുന്നു. വളരെ കഷ്ടപ്പാട് അനുഭവിക്കുന്ന 40 പേരെ കണ്ടെത്തി അവരുടെ ചികിത്സയ്ക്ക് പുറമേയുള്ള സംരക്ഷണച്ചുമതലയാണ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്. ഇവർക്ക് പോഷകാഹാരം, വസ്ത്രങ്ങൾ, കിടക്ക, വീൽചെയർ, മരുന്നുകൾ, കൗൺസലിംഗ് എന്നിവ നൽകും.
രണ്ട് മാസത്തിലൊരിക്കൽ സേവനങ്ങൾ വീടുകളിലെത്തിക്കും. കൂടാതെ രണ്ട് പാലിയേറ്റീവ് നഴ്സുമാരുടെ സേവനവും ലഭ്യമാക്കും. മുടങ്ങാതെ സഹായമെത്തിക്കാൻ എ. ജോസ് ഫൗണ്ടേഷന്റെയും വികാസിന്റെയും 25 സന്നദ്ധ പ്രവർത്തകരുടെ 5 ഗ്രൂപ്പുകളും നിലവിലുണ്ട്.
5 ലക്ഷം രൂപ പ്രതിവർഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് 100 പേരെ അംഗങ്ങളായി ചേർത്തിട്ടുണ്ട്. ഇവരുടെ സംഭാവനയാണ് പദ്ധതിയുടെ സാമ്പത്തിക സ്രോതസ്. ഇപ്പോൾ കണ്ടെത്തിയ 40 പേർക്ക് 24 മുതൽ സഹായം എത്തിക്കും. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ നിർവഹിക്കും. നീണ്ടകര കാൻസർ രജിസ്ട്രറിയിലെ ഡോ. കെ. ജയലക്ഷ്മി പ്രോജക്ട് വിശദീകരിക്കും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രതീഷ്, ചവറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. വസന്തകുമാർ, ഒ. വിനോദ്, ഡോ. നിയാസ് മുഹമ്മദ്, ഡോ. എൽവിൻ ജോസ് എന്നിവർ പങ്കെടുക്കും.