കൊല്ലം: പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ അമിത അളവിൽ പാറ കടത്തിയ മൂന്ന് ലോറികൾ പിടിച്ചെടുത്ത് 69,000 രൂപ പിഴ ചുമത്തി.
വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ മേൽനോട്ടത്തിലാണ് 20ന് ചടയമംഗലത്തെ പാറക്വാറിയിൽ പരിശോധന നടത്തിയത്.
പാറ കയറ്റി വന്ന മൂന്നു ലോറികൾ നെട്ടേത്താഴത്തുവച്ച് വിജിലൻസ് തടഞ്ഞുനിറുത്തി. തുടർന്ന് കൊട്ടാരക്കര ജോ. ആർ.ടി.ഒയുടെ നിർദേശാനുസരണം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്തെത്തി. ലോഡ് സഹിതം ലോറികൾ തൂക്കി നോക്കിയപ്പോൾ ഒരു ലോറിയിൽ 10 ടണ്ണും രണ്ടാമത്തെ ലോറിയിൽ മൂന്നു ടണ്ണും മൂന്നാമത്തെ ലോറിയിൽ 13 ടണ്ണും പാറ അധികമായി കയറ്റിയെന്ന് കണ്ടെത്തി. തുടർന്ന് അധികം തൂക്കത്തിന് ആനുപാതികമായി 69,000 രൂപ പിഴയീടാക്കി.
അളവിൽ കൂടുതൽ പാറ ഖനനം ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ ക്വാറിയിൽ ടോട്ടൽ സ്റ്റേഷൻ എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തി. സർവേ ഉദ്യോഗസ്ഥർ ഇതിന്റെ റിപ്പോർട്ട് തരുന്ന മുറയ്ക്ക് നിയമലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കും. പരിശോധനയിൽ വിജിലൻസ് കൊല്ലം യൂണിറ്റിലെ പൊലീസ് ഇൻസ്പെക്ടർ എൻ. രാജേഷ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ പി.കെ. രാജേഷ്, ബി.കെ. ബിജുബാൽ, സിവിൽ പൊലീസ് ഓഫീസർ എ. വേണുക്കുട്ടൻ, സാഗർ, മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് എൻജിനിയർ വരുൺ, സർവേ ഡിപ്പാർട്ട്മെന്റിലെ ഷിനോയ് ശിവൻ, മാഹീൻ അബൂബേക്കർ, വിമൽകുമാർ എന്നിവർ പങ്കെടുത്തു.