ശാസ്താംകോട്ട: മൈനാഗപ്പള്ളി, ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പില്ലാതെ പതിവായി വൈദ്യുതി മുടങ്ങുന്നതായി പരാതി. മുൻകൂട്ടി അറിയാവുന്ന പണികൾക്ക് പോലും വേണ്ടത്ര അറിയിപ്പ് കൊടുക്കാതെയാണ് വൈദ്യുതി കട്ടാക്കുന്നത്. മൈനാഗപ്പള്ളിയിൽ റോഡിൽ നിന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കൽ, മറ്റ് സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കൽ, ലൈനിലേക്ക് കിടക്കുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇതിന് വേണ്ടി മണിക്കൂറുകളോളമാണ് വൈദ്യുതി തടസപ്പെടുത്തുന്നത്. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ വൈദ്യുതി മുടക്കം സംബന്ധിച്ച് പത്ര മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകാറുണ്ടായിരുന്നു. ഇടക്കാലത്ത് മൊബൈൽ ഫോണിലൂടെ വൈദ്യുതി മുടങ്ങുമെന്ന മെസേജുകളും ലഭിച്ചിരുന്നു. ഇപ്പോൾ ഇത്തരം അറിയിപ്പുകൾ കൃത്യമായി ലഭിക്കാറില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.