പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ഓടി കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ കൂറ്റൻ മര ശിഖരം അടർന്ന് വീണ് നാശം സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ പുനലൂരിലെ ചെമ്മന്തൂർ ശ്രീനാരായണ കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. രണ്ട് കാറിന്റെയും ഒരു ഓട്ടോയുടെയും മുകളിലാണ് മര ശിഖരം ഒടിഞ്ഞ് വീണത്. വാഹനങ്ങൾക്ക് നാശം സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.ദേശിയ പാതയോരത്തെ റേഷൻ കടയോട് ചേർന്ന് അപകടാവസ്ഥയിൽ നിന്ന കൂറ്റൻ മാവിന്റെ ശിഖരമാണ് അടർന്ന് വാഹനങ്ങൾക്ക് മുകളിൽ വീണത്.ഓട്ടോ റിക്ഷയുടെ മുൻ ഭാഗത്തെ ഗ്ലാസ് പൊട്ടുകയും കാറുകൾക്ക് കേട് പാടുകൾ സംഭവിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ ചേർന്ന് ശിഖരം മുറിച്ച് മാറ്റി.