ചാത്തന്നൂർ: കൊവിഡ് രണ്ടാംതരംഗത്തിൽ ചാത്തന്നൂരിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 12ന് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 30 പേർക്കും സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ മൂന്നുപേർക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ ഒൻപതാം വാർഡിൽ ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമെ ചാത്തന്നൂർ സ്പിന്നിംഗ് മിൽ ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ ആറുപേർ രോഗബാധിതരെന്ന് കണ്ടെത്തി. തുടക്കത്തിൽ രോഗം സ്ഥിരീകരിച്ച 30 പേർ മൂന്ന്, നാല്, അഞ്ച്, പതിനൊന്ന് വാർഡുകളിലുള്ളവരാണ് പഞ്ചായത്തിലെ എട്ടാം വാർഡിൽ മാത്രം കൊവിഡ് പോസിറ്റീവായ പത്തോളം പേരുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പരിശോധനാ തീവ്രയജ്ഞത്തിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആദ്യദിനം നാലുവാർഡുകളെയാണ് ഉൾപ്പെടുത്തിയത്. 300 ഓളം പേർ പങ്കെടുത്ത പരിശോധനയിലാണ് 30 പേർക്ക് പോസിറ്റീവായത്. ചൊവ്വാഴ്ച കോയിപ്പാട് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിൽ 335 പേർ പരിശോധനയ്ക്കെത്തി. ഇവരുടെ ഫലം ഇന്ന് മുതൽ ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അറിയിച്ചു.
സമ്പൂർണ ക്വാറൻറ്റൈൻ അപ്രായോഗികം
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ചവരും രോഗികളോട് സമ്പർക്കമുണ്ടായവരും സമ്പൂർണമായി ക്വാറന്റൈനിൽ കഴിയുന്നത് അപ്രായോഗികമെന്ന് ആരോഗ്യവകുപ്പ്. ഇവർ പരമാവധി സമൂഹവ്യാപനം ഒഴിവാക്കി ജീവിതം ക്രമീകരിക്കുക മാത്രമാണ് പോംവഴി. രോഗം സ്ഥിരീകരിച്ചവർ പുറത്തിറങ്ങി ഇടപഴകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.
തുടർനടപടികൾ ആലോചിക്കുന്നതിന് ഇന്ന് രാവിലെ 11ന് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
പരിശോധനാ ക്യാമ്പുകൾ
ചാത്തന്നൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഇടനാട് എൽ.പി സ്കൂളിലും 27ന് കാരംകോട് എൽ.എം.എസ് എൽ.പി സ്കൂളിലും 30ന് മീനാട് എൽ.പി സ്കൂളിലും കൊവിഡ് പരിശോധനാ ക്യാമ്പുകൾ നടക്കും.