help

ചാത്തന്നൂർ: നിർദ്ധന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ നിധി രൂപീകരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ്,​ സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും സഹായവിതരണവും നടക്കുക.

പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് നിധിയിലേക്ക് സംഭാവന ചെയ്യാം. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരിൽ നിന്ന് സേവനത്തിനുള്ള നിശ്ചിത ഫീസിന് പുറമേ ചെറിയ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വീകരിക്കാനും ആലോചനയുണ്ട്. ഈ തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയും പേരിലുള്ള സംയുക്ത അക്കൗണ്ടിൽ നിക്ഷേപിക്കും. സംഭാവനകളും സഹായവിതരണവും സോഷ്യൽ ഓഡിറ്റിംഗിന് വിധേയമായിരിക്കും.

അർഹരായവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് കാലതാമസമില്ലാതെ തുക വിതരണം ചെയ്യുകയാണ് ലക്ഷ്യം. സന്നദ്ധസംഘടനകളെയും പങ്കാളികളാക്കും. മെയ് മാസത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപുറമെ വസ്ത്രം, പഠനോപകരണങ്ങൾ, മരുന്നുകൾ, വീട്ടുപകരണങ്ങൾ, കെട്ടിടനിർമ്മാണ സാമഗ്രികൾ മുതലായവ ചലഞ്ച് മാതൃകയിൽ സമാഹരിച്ച് വിതരണം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അറിയിച്ചു.