bike-photo
ബൈക്കിന്റെ വീലുകൾ ഊരിക്കൊണ്ടുപോയ നിലയിൽ

 വീട്ടുമുറ്റത്തിരുന്ന ബൈക്കിന്റെ വീലുകൾ കവർന്നു

കൊട്ടിയം: പൂട്ടുപൊളിച്ച് വാഹനം കവരുന്നവർക്കിടയിൽ വ്യത്യസ്തനായി വീലുകൾ മാത്രം കവർന്ന് മോഷ്ടാവ്. മേവറത്ത് വീട്ടുമുറ്രത്തിരുന്ന ബൈക്കിന്റെ ഇരുവീലുകളും കഴിഞ്ഞ ദിവസം രാത്രി മോഷണം പോയി.

മേവറം അനു കോട്ടേജിൽ അനസിന്റെ പുതിയ ഹോണ്ടാ യൂണിക്കോൺ ബൈക്കിന്റെ വീലുകളാണ് അർദ്ധരാത്രിയോടെ 'വീൽക്കള്ളൻ' കവർന്നത്. വാഹനം തിരിച്ചുകിട്ടിയെങ്കിലും വീലുകളില്ലാതെ ജോലിക്കുപോലും കഴിയാത്ത അവസ്ഥയിലാണ് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായ അനസ്.

പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി വീടുകളിൽ നിറുത്തിയിട്ടിരിക്കുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷണം പതിവായിരിക്കുകയാണ്. ഒരു മാസം മുൻപ് നടുവിലക്കരയിൽ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.