ഓടനാവട്ടം: ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയെ സംരക്ഷിക്കാനായി മരുതിമല സംരക്ഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ടൂറിസ്റ്റുകളുടെയും പ്രദേശവാസികളുടെയും ആവശ്യം ശക്തമാകുന്നു. നിലവിലുള്ള സമിതി കാര്യക്ഷമമല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ് ഈ പ്രദേശം.
മുട്ടറ മരുതിമലയെ ലക്ഷങ്ങൾ ചെലവഴിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമം വർഷങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല. സന്ദർശകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ കുടിവെള്ളം നൽകാനോ പോലും ഇവിടെ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്.