photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറികൾ പൊളിച്ച് നീക്കിയ ഭാഗം

 കിഫ്ബിയിൽ നിന്നനുവദിച്ചത് 67.67 കോടി രൂപ

 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ 13 ലക്ഷം

 233 കിടക്കകളുള്ള വാർഡ് നിർമ്മിക്കും

 200 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഹൈടെക് നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു.കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തുടങ്ങിവച്ചത്. പിൻഭാഗത്ത് മോർച്ചറികൾ പൊളിച്ചുനീക്കിയ ഭാഗത്ത് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. മുൻവശത്ത് പ്രവേശന കവാടത്തിന് സമീപത്തായി പൈലിംഗ് ജോലികൾ തുടങ്ങിയതല്ലാതെ പൂർത്തിയാക്കിയില്ല. നിർമ്മാണവുമായി ബന്ധപ്പെട്ട് ആശുപത്രി വളപ്പിലെ മണ്ണെടുത്ത് പട്ടണത്തിൽ നിർമ്മിക്കുന്ന സമാന്തര പാതയ്ക്കായി ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാൽ സമാന്തരപാതയുടെ നിർമ്മാണത്തിന് കോടതി സ്റ്റേ ചെയ്തതോടെ മണ്ണ് നീക്കവും നിലച്ചു. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണ ചുമതല.

ആശുപത്രിയിലേക്ക് പുതിയ വഴി

ചന്തമുക്ക് ഡോക്ടേഴ്സ് ലൈനിൽ നിന്ന് കുലശേഖരനല്ലൂർ ഏലവഴി പുലമൺ ഭാഗത്ത് എം.സി റോഡിൽ ഇറങ്ങുംവിധം സമാന്തര പാത നിർമ്മിക്കാനാണ് നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ നേതൃത്വത്തി നടപടികൾ തുടങ്ങിയിരുന്നത്. ഈ റോഡ് താലൂക്ക് ആശുപത്രിയുമായി ബന്ധിപ്പിക്കാനും അതുവഴി ആംബുലൻസുകൾക്ക് ഉൾപ്പടെ എം.സി റോഡിലെത്താനുള്ള പുതിയ വഴി നിർമ്മിക്കാമെന്നും കണക്കുകൂട്ടി. സമാന്തര പാതയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ ആശുപത്രിയിലേക്കുള്ള പുതിയ വഴിയും മുടങ്ങുമെന്ന സ്ഥിതിയാണ്.

മിനി മെഡിക്കൽ കോളേജ്

താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജ് ആകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നാട്ടുകാർ. 233 കിടക്കകളുള്ള വാർഡുകൾ നിർമ്മിക്കാനാണ് പ്രധാനമായും തീരുമാനിച്ചിട്ടുള്ളത്. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗനോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും.