കൊല്ലം: കിണർ കുഴിക്കാൻ ആവശ്യത്തിന് സ്ഥലമില്ലാത്തവരോ ജലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവരോ ആണ് സാധാരണ കുഴൽ കിണർ കുഴിക്കുന്നത്. പക്ഷെ ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ പലരും നിരാശരാകുന്നതാണ് പതിവ്. ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണിയും അതുവഴി ഉണ്ടാകുന്ന ധനനഷ്ടവും ഒഴിവാക്കാൻ കുഴൽ കിണർ കുഴിക്കുമ്പോൾ തന്നെ ശ്രദ്ധിക്കണം.
ചെളിയും ചേടിയുമുള്ള ഭാഗങ്ങളിൽ ജലം പ്രവേശിക്കാനുള്ള ദ്വാരങ്ങൾ പൈപ്പിൽ ഒഴിവാക്കണം. പാറയുടെ പാളികൾക്കിടയിലൂടെ മണൽത്തരികൾ ജലത്തിനൊപ്പം കുഴൽ കിണറിലേക്ക് എത്താൻ സാദ്ധ്യതയുണ്ട്. വെട്ടുകല്ലിൽ നിന്ന് വെള്ള ചെള്ളിയും ഇങ്ങനെ കടന്നുകൂടും. ഇത്തരം സ്ഥലങ്ങളിൽ പൈപ്പിലെ ദ്വാരങ്ങൾക്ക് മുകളിലൂടെ ഏറ്റവും ചെറിയ കണ്ണികളുള്ള നൈലോൺ വല രണ്ട് പാളി ചുറ്റിയ ശേഷം നേർത്ത കോപ്പർ കമ്പി കൊണ്ട് കെട്ടിവയ്ക്കണം. ഇത് ചെറുമൺപൊടി പൈപ്പിലേക്ക് കടക്കുന്നത് തടയും.
കുഴൽ കിണർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അച്ചിന്റെ വ്യാസത്തിനെക്കാൾ ഒരിഞ്ച് കുറവുള്ള പൈപ്പ് തന്നെ ഉപയോഗിക്കണം. കെയ്സ് ഊരിയെടുത്തതിന് ശേഷവും ഭൂമിയും പൈപ്പും തമ്മിൽ അര ഇഞ്ച് അകലം നിലനിറുത്തണം. ഈ വിടവിൽ പുഴ മണൽ അരിക്കുമ്പോൾ കിട്ടുന്ന ഗ്രാവലോ ക്രഷറുകളിലെ കൺവെയറിന്റെ ഭാഗത്ത് അടിയുന്ന അര ഇഞ്ചിൽ താഴെ വലിപ്പമുള്ള ഉരുളൻ കല്ലുകളോ നിറയ്ക്കണം. ഇത് പൈപ്പിലേക്ക് മാലിന്യം കടക്കുന്നത് തടയാനുള്ള ആദ്യ ശുദ്ധീകരണ മാർഗമാകും. പൈപ്പിൽ ചുറ്റിയിട്ടുള്ള നൈലോൺ വല രണ്ടാംഘട്ട ശുചീകരണം നടത്തും.
ജലലഭ്യതയും ശുദ്ധിയും
ഏറ്റവും കൂടുതൽ ജല ലഭ്യത വെള്ളമണലിൽ ആയിരിക്കും. വെട്ടുകല്ലിൽ ജലലഭ്യത മണലിനേക്കാൾ കുറവായിരിക്കും. പാറയിൽ നിന്നാണ് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നത്. പക്ഷെ അളവ് കുറവായിരിക്കും. കരിഞ്ചേടിയോ ചെളിയോ ഉള്ള ഭാഗങ്ങളിലെ പൈപ്പിൽ ഒരു കാരണവശാലും കട്ടർ കൊണ്ടോ ഡ്രിൽ ബിറ്റ് കൊണ്ടോ സുഷിരങ്ങളോ ദ്വാരങ്ങളോ സൃഷ്ടിക്കരുത്. ഈ ഭാഗത്ത് നിന്ന് ജലം പൈപ്പിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്. മറിച്ചായാൽ മലിനജലമായിരിക്കും ലഭിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കുഴൽ കിണർ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെ കുറഞ്ഞത് നാലിഞ്ച് വ്യാസവും കട്ടിയുമുള്ള പൈപ്പ് ഉപയോഗിക്കണം
2. കുഴിച്ച് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഉപഭോക്താവ് കുഴൽ കിണറിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം
3. കുഴിക്കുമ്പോൾ ഭൂമിക്കടിയിലെ ഓരോ ഭാഗവും കൃത്യമായി മനസിലാക്കണം
4. മണലോ കല്ലോ ഉള്ള ഭാഗത്ത് ആഴം നിജപ്പെടുത്തണം
5. കുഴിക്കുമ്പോൾ ചെളിയോ മണലോ കണ്ടാൽ അത് ജലനിരപ്പ് തുടങ്ങുന്നതിന് മുൻപാണോ ശേഷമാണോയെന്ന് സ്ഥിരീകരിക്കണം
6. മണലും ചെളിയും ഉള്ള ഭാഗത്തിന്റെ അളവും നിജയപ്പെടുത്തണം
7. മണലോ കല്ലോ ഉള്ള ഭാഗങ്ങളിൽ നിന്ന് മാത്രം ജലം പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ പൈപ്പിൽ ദ്വാരങ്ങൾ സൃഷ്ടിക്കണം