മലയാളം വരികൾ മൊഴിമാറി രാജ്യമാകെ നിയറും
കൊല്ലം: യുട്യൂബിൽ കോൺഗ്രസിന്റെ ഏറ്റവും ജനകീയ ഗാനമേതെന്ന് തിരഞ്ഞാൽ ആദ്യമെത്തുക
'കോൺഗ്രസാണ് ഭാരതത്തിൽ
മർത്യകോടി നെഞ്ചിലേറ്റി
ചോരനൽകി ജീവനേകി
കാത്തുവച്ച സാന്ത്വനം' എന്ന മലയാള വരികളാവും. ഒരു വർഷം മുൻപ് ഇന്ത്യൻ നാഷൺ കോൺഗ്രസ് ഇറക്കിയ വിപ്ലവഗാനമാണിത്. പ്രവർത്തകരുടെ മനസിലേയ്ക്ക് ആവേശത്തോടെ പടരുന്ന ഈ ഗാനത്തിന്റെ വിഡിയോ 65 ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്.
ഗാനം ഹിറ്റായതോടെ ഹിന്ദി ഉൾപ്പെടെ മറ്റ് ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തുകയാണ് കോൺഗ്രസ് നേതൃത്വം. കന്നഡയിലേയ്ക്ക് പാട്ട് മൊഴിമാറ്റം നടത്തുന്നത് കന്നഡ എഴുത്തുകാരിയും എ.ഐ.സി.സി സെക്രട്ടി പി.സി. വിഷ്ണുനാഥിന്റെ ഭാര്യയുമായ കനക ഹാമയാണ്. ഈ ആഴ്ചയാണ് റെക്കാർഡിംഗ്. ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം നടത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഈ ഗാനം മുഴങ്ങി. നൂറ് കണക്കിന് കോൺഗ്രസ് നേതാക്കളുടെ മൊബൈൽ റിംഗ് ടോൺ കൂടിയാണിത്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോകളിലും ഈ ഗാനമായിരുന്നു തരംഗം. ഐശ്വര്യകേരള യാത്ര സമാപിച്ചപ്പോൾ ശംഖുംമുഖത്ത് പ്രദർശിപ്പിച്ചതും ഈ ഗാനത്തിന്റെ വീഡിയോയാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ ഫേസ് ബുക്ക് പേജിലും ഗാനം ഷെയർ ചെയ്തിട്ടുണ്ട്.
കൊല്ലം ശാസ്താംകോട്ട കോവൂർ എബി ഭവനിൽ എബി പാപ്പച്ചനാണ് ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ എബി സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതയംഗവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ സുനിൽ മത്തായിയാണ് പാടിയത്. കോറസായത് ബിനു സരിഗയും റിജോ സൈമണും.
'രാജ്ഘട്ടിൽ ബാപ്പുജി
വീർഭൂവിൽ രാജീവും
ശക്തിസ്ഥലിൽ ഇന്ദിരയും
ധീര രക്തസാക്ഷികൾ
നിണമണിഞ്ഞ വഴികളിൽ
ഞങ്ങളുണ്ട് പിൻമുറ
നിങ്ങൾ തൻ കിനാക്കളെല്ലാം
ഞങ്ങൾ സഫലമാക്കിടും'. രാഷ്ട്രീയ വിജയം അനിവാര്യമായിരിക്കെ ഒരുയർത്തെഴുന്നേൽപ്പിന്റെ കാഹളം മുഴക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമാവുകയാണ് ഈ ഗാനം.
''
ഞാനെഴുതിയ ഗാനം രാജ്യമാകെ സ്വീകരിക്കുന്നതിൽ അഭിമാനമുണ്ട്. കോൺഗ്രസിലെ പുതുതലമുറയെ പ്രചോദിപ്പിക്കാനാണ് ഗാനം എഴുതിയത്.
എബി പാപ്പച്ചൻ
രചയിതാവ്