photo

കൊല്ലം: ഭാരതീപുരം പഴയേരൂർ തോട്ടംമുക്ക് പള്ളിമേലതിൽ ഷാജി പീറ്റർ കൊലക്കേസിൽ സഹോദര ഭാര്യ ആര്യയെ മൂന്നാം പ്രതിയാക്കിയേക്കും. സഹോദരൻ സജിൻ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇവർ റിമാൻഡിലാണ്.

2018ലെ തിരുവോണനാളിലാണ് ഭാര്യയോട് അപമര്യാദയായി പെരുമാറിയ ഷാജിയെ സജിൻ കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് അമ്മയുടെ അറിവോടെ വീട്ടുവളപ്പിൽ കുഴിവെട്ടി മൂടുകയായിരുന്നു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനും കൂട്ടുനിന്നതിനാണ് ആര്യയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘം ആലോചിക്കുന്നത്. കൂടുതൽ തെളിവെടുപ്പിനായി ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
ഷാജിയെ വിവിധ കേസുകളിൽ പൊലീസ് തെരയുന്നുമുണ്ടായിരുന്നു. പൊന്നമ്മയെയും സജിനെയും ചോദ്യം ചെയ്തപ്പോൾ തന്നെ കാര്യങ്ങൾ തുറന്നുപറഞ്ഞു. ഷാജിയെ കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു.

മരിച്ചത് ഷാജി പീറ്ററാണെന്ന് ഉറപ്പാണെങ്കിലും കോടതിയിൽ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ഇതിനായി ഡി.എൻ.എ പരിശോധന നടത്തും.

അഡിഷണൽ എസ്.പി ബിജുമോൻ, പുനലൂർ ഡിവൈ.എസ്.പി സന്തോഷ്, ഏരൂർ സി.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കുരുത്തക്കേട് കാട്ടി മുങ്ങൽ

ഷാജിയുടെ പതിവ്

ഷാജി പീറ്റർ അടിപിടിയും മോഷണവുമൊക്കെയായാണ് നടന്നിരുന്നതെന്ന് പറയപ്പെടുന്നു. കരടി ഷാജിയെന്നാണ് വിളിപ്പേര്. സ്ത്രീകളെ ശല്യം ചെയ്തശേഷം മുങ്ങും. പൊലീസിനെ ഒളിച്ചാണ് വരവും പോക്കും. അതുകൊണ്ടുതന്നെ കാണാതായി രണ്ടര വർഷമായിട്ടും നാട്ടുകാർ തിരക്കിയില്ല. ബന്ധുക്കൾ ചോദിച്ചാൽ ഒളിവിലാണെന്നു പറഞ്ഞ് ഒഴിയുന്നതായിരുന്നു വീട്ടുകാരുടെ രീതി. പൊന്നമ്മയുടെ ഭർത്താവ് പീറ്റർ നേരത്തേ മരണപ്പെട്ടു. മറ്റൊരു മകനായ വർഗീസിനൊപ്പവും ഇടയ്ക്ക് ഏനാത്തുള്ള മകളുടെ വീട്ടിലും പൊന്നമ്മ താമസിച്ചിരുന്നു. പിന്നീട് സജിനൊപ്പം താമസിച്ച് തുടങ്ങിയതോടെ ആര്യയുമായി സ്ഥിരം വഴക്കായി. ഇതിനിടെയാണ് കൊലപാതക വിവരം ആര്യ വിളിച്ചുപറഞ്ഞതും ബന്ധുവായ റോയി അറിയാൻ ഇടയായതും.