kollam-corporation
നഗരസഭയിലെ ആരോഗ്യവിഭാഗം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പരിശോധന നടത്തുന്നു

കൊല്ലം: രണ്ടാംതരംഗത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മിന്നൽ സ്‌ക്വാഡുകളെ കളത്തിലിറക്കി നഗരസഭ. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ അടക്കം ഉൾപ്പെടുത്തി നഗരത്തിൽ പരിശോധന ശക്തമാക്കുകയാണ്. രണ്ട് സ്കാഡുകളാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്.

വ്യാപാര സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിങ്ങനെ ആൾക്കൂട്ടമുണ്ടാകാൻ സാദ്ധ്യതയുള്ളയിടത്തെല്ലാം സ്ക്വാഡുകളെത്തും. സാമൂഹ്യ അകല പാലനം, സന്ദർശക രജിസ്റ്റർ, സാനിറ്റൈസർ, എന്നിവയുടെ കൃത്യമായ ഉപയോഗം മുതലായവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഇന്നലെ ചിന്നക്കട, പായിക്കട, ജെറോം നഗർ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് സ്ക്വാഡ് രംഗത്തിറങ്ങിയത്. ഇന്ന് രാമൻകുളങ്ങര, ശക്തികുളങ്ങര, വടക്കേവിള, പള്ളിമുക്ക് ഭാഗങ്ങളിലായിരിക്കും പരിശോധന. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയാൽ 500 രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കുകയും ചെയ്യും.

 ജാഗ്രതയോടെ നഗരസഭ

തീരദേശ മേഖലയിൽ വ്യാപനം തടയാൻ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. നഗരത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ഉച്ചഭാഷിണി വഴിയുള്ള ബോധവത്കരണം നടക്കുന്നുണ്ട്. ഇതിന് പുറമേ തീരമേഖലയിൽ ജാഗ്രതാ സമിതി യോഗങ്ങൾ ഇടയ്ക്കിടെ ചേർന്ന് സ്ഥിതി വിലയിരുത്തുന്നുമുണ്ട്.