പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു
കരുനാഗപ്പള്ളി: കാലവർഷത്തിന് മുമ്പ് തഴത്തോടുകൾ ആഴംകൂട്ടി വൃത്തിയാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. മൂന്ന് തഴത്തോടുകൾ കരുനാഗപ്പള്ളി മണ്ഡലത്തിലൂടെ ഒഴുകി കൊതിമുക്ക് വട്ടക്കായലിൽ ചേരുന്നുണ്ട്. ഇതിൽ ഒന്നാം തഴത്തോട് കായംകുളം കായലിൽ നിന്നും, രണ്ടാം തഴത്തോട് കൃഷ്ണപുരത്ത് നിന്നും, മൂന്നാം തഴത്തോട് കണ്ഠാകർണൻ കാവ് ക്ഷേത്രത്തിന് സമീപത്തുനിന്നുമാണ് ഉത്ഭവിക്കുന്നത്. ഈ തഴത്തോടുകളാണ് കരുനാഗപ്പള്ളിയെയും സമീപ പ്രദേശങ്ങളെയും ജലസമൃദ്ധമാക്കുന്നത്.
ഒന്നും രണ്ടും തഴത്തോടുകൾ പടനായർക്കുളങ്ങര തെക്ക് തോണ്ടലിൽ ക്ഷേത്രത്തിന് സമീപത്തുവച്ച് ഒന്നായി ചേർന്നാണ് വട്ടക്കായലിൽ പതിക്കുന്നത്. വേനൽ കടുത്തതോടെ തഴത്തോടുകൾ വറ്റി വരണ്ടു. നിലവിലത്തെ കാലാവസ്ഥയിൽ തഴത്തോടുകളിലെ ചെളി പൂർണമായും മാറ്റി ആഴം കൂട്ടാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ കാലവർഷത്തിൽ വെള്ളം പൂർണമായും തഴത്തോടുകളിൽ തന്നെ കെട്ടിനിന്ന് ഭൂഗർഭ ജലത്തിന്റെ അളവ് ക്രമീകരിക്കാനാവും.
അനധികൃത കൈയേറ്റം
മുൻപ് തഴത്തോടുകളുടെ വശങ്ങളിൽ വിശാലമായ പാടശേഖരങ്ങളുണ്ടായിരുന്നു. കൃഷി കുറഞ്ഞതോടെയാണ് തഴത്തോടുകളുടെ ശനിദശ ആരംഭിച്ചത്. അനധികൃത കൈയേറ്റങ്ങൾ മൂലം കാൽനൂറ്റാണ്ടിനുള്ളിൽ തഴത്തോടുകളുടെ നീളവും വീതിയും ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൃഷി സജീവമായിരുന്ന കാലത്ത് ഓരോ വർഷവും കർഷകർ പാടശേഖരത്തോടൊപ്പം തോടുകളും വൃത്തിയാക്കാറുണ്ടായിരുന്നു.
ദീർഘകാല പദ്ധതികൾ നടപ്പാക്കണം
കരുനാഗപ്പള്ളി നഗരസഭയുടെയും കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ ഗ്രാമ പഞ്ചായത്തുകളുടെയും പരിധിയിലാണ് തഴത്തോടുകൾ ഉൾപ്പെടുന്നത്. ത്രിതല പഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയും സംയുക്തമായി ദീർഘകാല പദ്ധതികൾ നടപ്പാക്കിയാൽ തഴത്തോടുകളുടെ ആഴം കൂട്ടി സംരക്ഷണം ഉറപ്പാക്കാനാവും. ഇതിന് പ്രയാസമാണെങ്കിൽ നഗരസഭയും ത്രിതല പഞ്ചായത്തുകളും പ്രത്യേകമായി പദ്ധതികൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നീരൊഴുക്ക് വർദ്ധിപ്പിക്കണം
കിറ്റാച്ചി പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി വേണം തോടുകൾ നവീകരിക്കാൻ. നിലവിൽ വെള്ളമില്ലാത്തതിനാൽ കിറ്റാച്ചി തോട്ടിലിറക്കി മണ്ണ് വാരി പുറത്ത് നിക്ഷേപിക്കാൻ എളുപ്പമാണ്. ഇതോടെ തോട്ടിലെ നീരൊഴുക്കും വർദ്ധിക്കും. കാലവർഷം ആരംഭിച്ചാൽ അടുത്ത വേനൽവരെ തഴത്തോടുകളിൽ ഒരു നിർമ്മാണ പ്രവർത്തനവും നടത്താൻ കഴിയില്ല. അതുകൊണ്ട് മൺസൂൺ ആരംഭിക്കുന്നതിന് മുമ്പായി തഴത്തോടുകൾ വൃത്തിയാക്കണമെന്നാണ് ആവശ്യം.