കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐസ്‌മുക്ക് ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ള മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. അവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടാംകുളത്തും കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ച് ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ടൗണിലെ ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും മത്സ്യ- മാസാംവശിഷ്ടങ്ങളും പൊതുസ്ഥലങ്ങളിൽ തള്ളുന്നതാണ് തെരുവുനായ്ക്കൾ തമ്പടിക്കാൻ കാരണം. യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ഉപദ്രവം ഇല്ലാതാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.