asaji

ചാത്തന്നൂർ: പ്രശസ്ത ചിത്രകാരനും ശില്പിയും സാഹിത്യകാരനുമായ ചാത്തന്നൂർ കോയിപ്പാട് പാണഞ്ചേരി വീട്ടിൽ ആശാജി എന്ന ജി. വിശ്വനാഥനെ (72) ആളൊഴിഞ്ഞ പുരയിടത്തിലെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ ഉച്ചയോടെ ചാത്തന്നൂർ പള്ളിക്കമണ്ണടിയിൽ ഇത്തിക്കരയാറിന്റെ തീരത്ത് ചാത്തന്നൂർ പഞ്ചായത്ത് വാങ്ങിയ പുരയിടത്തിലെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. പുരയിടം പാട്ടത്തിനെടുത്തയാൾ രാവിലെ 11 ഓടെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് ശിഷ്യരും ആരാധകരുമുള്ള ആശാജിയെ കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിട്ടുണ്ട്.

ചാത്തന്നൂരിൽ ചിത്രകൂടം - മെഡിറ്റേഷൻ ആൻഡ് യോഗ ഇൻ താന്ത്രിക് ആർട്ട്സ് എന്ന ചിത്ര-ശില്പകലാ വിദ്യാലയം നടത്തിയിരുന്നു. കൊവിഡ് കാലമായതോടെ വിദ്യാലയം കോയിപ്പാട്ടെ വീട്ടിലേക്ക് മാറ്റിയിരുന്നു. തലകുത്തി നിന്നും വെള്ളത്തിൽ പൊന്തിക്കിടന്നും വെള്ളത്തിനടിയിൽ ഇരുന്നും ചിത്രം വരച്ച് ലോകശ്രദ്ധ നേടിയിരുന്നു.

ചണ്ഡാലഭിക്ഷുകി - ദളിത് ഭാഷ്യം (ലേഖനങ്ങൾ), സൂത്രം (നോവൽ), ആത്മീയം (തത്വചിന്ത), കുടിലാംഗി (ചെറുകഥകൾ), ചൊൽവിളി (നാടൻപാട്ടുകളുടെ ശബ്ദസമാഹാരം), ആർട്ട് (ആശാജിയുടെ ചിത്രങ്ങളുടെ ഡിജിറ്റൽ രൂപാന്തരം), ആശാജി- അശാന്തിയുടെ നേർവര (ഡിജിറ്റൽ ഡോക്യു ഫിക്‌ഷൻ) എന്നിവയാണ് പ്രധാന കൃതികൾ.

റോട്ടറി ഇന്റർനാഷണൽ വൊക്കേഷണൽ എക്സലൻസി അവാ‌ഡ്,​ ന്യൂഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ്, മഹാത്മാ ഫൂലെ നാഷണൽ എക്സലൻസ് അവാ‌ർഡ്, ആർട്ടിസ്റ്റിക് ആൻഡ് ലിറ്റററി അവാർഡ് തുടങ്ങി നിരവധി ദേശീയ - അന്തർദ്ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സഹനം എന്ന ചെറുകഥാസമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു.

ചാത്തന്നൂർ പൊലീസ് മ‌ൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോ‌ർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. സുധർമ്മയാണ് ഭാര്യ. മക്കൾ: നിഖിൽ, നിമ്മി, നിമ്‌ന. മരുമക്കൾ: രശ്മി, സതീഷ്, ജലാൽ.