കൊട്ടാരക്കര: താലൂക്കിൽ കുന്നിടിച്ചിലും മണ്ണെടുപ്പും വ്യാപകമാകുന്നതായി പരാതി. റവന്യൂ മൈനിംഗ് ജിയോളജി വകുപ്പുകൾ ഇക്കര്യത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം നിലച്ചതോടെ നിരത്ത് നിറ‌ഞ്ഞ് ടിപ്പർ ലോറികളും ടോറസ് ലോറികളും ജെ.സി.ബിയും ചീറിപ്പായുകയാണ്. കൊവിഡ് നിയന്ത്രണത്തിന് പ്രധാന്യം നൽകി പൊലീസ് അങ്ങോട്ട് തിരിഞ്ഞതോടെ മണ്ണുമാഫിയകൾ ഈ അവസരം മുതലാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പ്രോട്ടോക്കോൾ ലംഘനം പരിശോധിക്കാൻ പോയ തഹസീൽദാർ നിലമേൽ മണ്ണുകടത്തിയ ലോറി പിടികൂടിയിരുന്നു.ചടയമംഗലത്തും നിലമേലും തുടങ്ങി പല പ്രദേശങ്ങളിലും മണ്ണെടുപ്പ് വ്യാപകമാണ്. നെല്ലിക്കുന്നം, ഓടനാവട്ടം, നെടുവത്തൂർ, ആനക്കോട്ടൂർ, കുറുമ്പാലൂർ,കൊട്ടാരക്കര, താമരക്കുടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മണ്ണ് കരുനാഗപ്പള്ളി ശാസ്താംകോട്ട ഭാഗങ്ങളിലേക്കാണ് കടത്തുന്നത്. അധികൃതരുടെ ഒത്താശയോടെ വ്യാജപാസ് ഉപയോഗിച്ചാണ് മണ്ണ് കടത്തുന്നതെന്നും ആക്ഷേപമുണ്ട്..