പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് ഓഫീസിനു സമീപം ജിയോയുടെ മൊബൈൽ ടവർ സ്ഥാപിക്കാൻ അനുമതി നൽകി. കല്ലട സൗഹൃദം വാട്ട്സാപ്പ് കൂട്ടായ്മ പ്രവർത്തകരുടെ ശ്രമഫലമായാണ് ടവർ വരുന്നത്. നാട്ടിൽ നെറ്റ്‌വർക്ക് കവറേജ് കുറവായതിനാൽ സ്കൂൾ വിദ്യാർത്ഥികൾ, ആശുപത്രി ജീവനക്കാർ, സർക്കാർ ജീവനക്കാ‌ർ തുടങ്ങിയവർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. സി. ഉണ്ണക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് , പടി. കല്ലട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സീമ , വൈസ് പ്രസിഡന്റ് സുധ, അംഗങ്ങളായ കെ. സുധീർ, എൻ. ശിവാനന്ദൻ, ഓമനക്കുട്ടൻ പിള്ള, റജീല, അംബികാകുമാരി, ലൈലാ സമദ്, കല്ലട സൗഹൃദം കൂട്ടായ്മ പ്രവർത്തകരായ കെ. മഹേന്ദ്രൻ, വിനോജ് സുരേന്ദ്രൻ, ധനേഷ്, ശിവകുമാർ, അജി, സജു ലൂക്കോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.