nk

കൊല്ലം: കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച ശേഷം കുടുംബത്തിന്റെ പേരിൽ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി രംഗത്ത്. തനിക്ക് കൊവിഡ് ബാധിച്ചപ്പോൾ പാലിച്ച മര്യാദകൾ നിരത്തിയാണ് പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ ഫേസ് ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ കഴിഞ്ഞ സെപ്തംബറിൽ തനിക്ക് കൊവിഡ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു. താനും ഒപ്പമുണ്ടായിരുന്ന ഭാര്യയും പരിശോധനയ്ക്ക് വിധേയരായി. അന്റിജൻ ടെസ്റ്റിൽ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പക്ഷെ ഭാര്യ നെഗറ്റീവായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തങ്ങൾ രണ്ടുപേരെയും പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് തന്നോടൊപ്പം വരാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അനുവദിച്ചില്ല. മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ അവർ പി.പി.ഇ കിറ്റ് ധരിച്ച് ഒപ്പം നിൽക്കാമെന്ന് പറഞ്ഞിട്ടും അനുമതി ലഭിച്ചില്ല. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ കൃത്യമായ പാലനമായിരുന്നു. രോഗമുക്തനായി മടങ്ങിയെത്തി റിവേഴ്സ് ക്വാറന്റൈൻ അവസാനിക്കുന്നത് വരെയും താൻ കഴിഞ്ഞിരുന്ന മുറിയിൽ മറ്റാരെയും പ്രവേശിപ്പിച്ചില്ല. എന്നാൽ കൊവിഡ് മുക്തനായ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരാണ് ആശുപത്രിയിലെത്തിയത്.

കൊവിഡ് സ്ഥിരീകരിച്ച ഭാര്യയ്ക്കൊപ്പം ഒരു സുരക്ഷാ കവചവുമില്ലാതെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ഇത് ഒരു പക്ഷെ അബദ്ധത്തിൽ സംഭവിച്ചതാകും. എന്നിട്ട് അതിനെ കുടുംബബന്ധത്തിന്റെ പേരിൽ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. വിമർശനങ്ങളെ അംഗീകരിക്കാനാകാത്തത് പ്രത്യേകതരം മാനസികാവസ്ഥയാണ്. നിമയത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഇത് അംഗീകരിക്കാതിരിക്കുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനമാണെന്നും പ്രേമചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.