പടിഞ്ഞാറേ കല്ലട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഗ്രാമവികസന ഓഫീസറായി പ്രവർത്തിക്കവേ (വി.ഇ.ഒ ) കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച പടി. കല്ലട വിളന്തറ വിനോദ് ഭവനത്തിൽ എസ്. വിനോദ് കുമാറിന്റെ സ്മരണാർത്ഥം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് എസ്. വിനോദ് കുമാർ സ്മാരക ട്രസ്റ്റ് രുപീകരിച്ചു. കാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുക, വിദ്യാഭ്യാസ രംഗത്ത് പുതുതലമുറയ്ക്ക് പ്രോത്സാഹനം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വി.ഇ.ഒ ആയിരിക്കേ ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ മികച്ച സേവനം കാഴ്ചവച്ചതിന് വി.ഇ.ഒമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ വിനോദ് കുമാറിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച മാതൃകാ ഉദ്യോഗസ്ഥൻ, മികച്ച അദ്ധ്യാപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഒന്നാം ചരമവാർഷിക ദിനമായ ഏപ്രിൽ 26ന് വൈകിട്ട് 5ന് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ആശാൻ മുക്കിൽ ട്രസ്റ്റിന്റെ ഉദ്ഘാടനം നടക്കും. ചെയർമാനായി പടി. കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണനെയും സെക്രട്ടറിയായി ആർ. ഗോപകുമാറിനെയും തിരഞ്ഞെടുത്തു.