കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രത്തിന്റെയും സാംസ്കാരിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) ഗവേണിംഗ് ബോഡി മെമ്പർ ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ഏകതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ കൊല്ലം തുളസി, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കലാസാംസ്‌കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ, കൺവീനർ അനിൽ ആഴാവീട്, ബി. പ്രദീപ്, ജോർജ് എഫ്. സേവ്യർ, ബൈജു പട്ടത്താനം തുടങ്ങിയവർ സംസാരിച്ചു.
സമാപനത്തോട് അനുബന്ധിച്ച് നാടകഗാനങ്ങൾ കോർത്തിണക്കിയ ഗാനതരംഗിണി എന്ന പരിപാടിയും തിരുവനന്തപുരം സംഘകേളിയുടെ 'മക്കളുടെ ശ്രദ്ധയ്ക്ക്' എന്ന നാടകവും നടന്നു. നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ നടത്തുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു. കലാകാരന്മാർക്കായി ഭൂമി നൽകൽ, പെൻഷൻ വിതരണം, വസ്ത്രദാനം തുടങ്ങിയ വിവിധ പദ്ധതികൾ നടത്തുമെന്ന് വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അറിയിച്ചു.