chathannoor-police
ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷന് എത്തിയവരുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചതിനാൽ പൊലീസ് നിയന്ത്രണം ഏറ്റെടുത്തപ്പോൾ

ചാത്തന്നൂർ: കൊവിഡ് വാക്സിനെടുക്കാൻ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആളുകൾ കൂട്ടത്തോടെ എത്തിയത് അധികൃതരെ പ്രതിസന്ധിയിലാക്കി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരുൾപ്പെടെ അറുന്നൂറോളം പേരാണ് ഇന്നലെ കേന്ദ്രത്തിലെത്തിയത്. അതേസമയം,​ വിതരണത്തിനായി 160 പേർക്കുള്ള വാക്സിൻ മാത്രമാണ് ഇവിടെ ലഭിച്ചത്.

രാവിലെ ആറുമണി മുതൽ വയോധികരടക്കം കേന്ദ്രത്തിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ആളുകൾ തടിച്ചുകൂടി സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ചവന്നതോടെ മെഡിക്കൽ ഓഫീസ‌ർ ഡോ. വിനോദ് ആവശ്യപ്പെട്ടതനുസരിച്ച് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് എസ്.എച്ച്.ഒ അനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടോക്കൺ വിതരണവും ആളുകളെ കടത്തിവിടലും അടക്കമുള്ളവയുടെ നിയന്ത്രണം ഏറ്റെടുത്തു.

ഇതിനിടെ കാൻസർ അടക്കമുള്ള ഗുരുതരരോഗങ്ങൾക്ക് ചികിത്സയിലുള്ളവരും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തിയതോടെ ഡോക്ടർമാരടക്കമുള്ളവർ ധർമ്മസങ്കടത്തിലായി. ഒടുവിൽ പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് പത്ത് ഡോസ് വാക്സിൻ ഇത്തരക്കാർക്കായി മാറ്റിവച്ചാണ് പ്രശ്നം പരിഹരിച്ചത്.