punalur
പുനലൂരിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഇൻഡോർ സ്റ്റേഡിയം.

പുനലൂർ: കിഴക്കൻ മലയോരത്തിന്റെ കായികസ്വപ്നങ്ങൾക്ക് കരുത്ത് പകരുവാൻ പുനലൂർ നഗരസഭയിലെ ചെമ്മന്തൂരിൽ പണിയുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. നഗരസഭയുടെ മൈതാനത്തോട് ചേർന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പൂർത്തിയായി വരുന്നത്. ജൂൺ ആദ്യവാരം പണി പൂർത്തിയാക്കി സ്റ്റേഡിയം നാടിന് സമർപ്പിക്കും.


കിഫ്‌ബിയിൽ നിന്ന്

5.25 കോടി രൂപ

40 മീറ്റർ നീളം 25 മീറ്റർ വീതി 12 മീറ്റർ ഉയരം 11700 സ്ക്വയർഫീറ്റ്

250പേർക്ക് ഇരിക്കാനുള്ള സൗകര്യം

കിഫ്‌ബിയുടെ സഹായത്തോടെ
കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 5.25 കോടി രൂപചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. മന്ത്രി കെ.രാജുവിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചത്. സംസ്ഥാന കായിക, യുവജനകാര്യ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലാണ് നിർമ്മാണം. കഴിഞ്ഞ ജൂലായ് 10നാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സി.ഐ കൺസ്ട്രക്ഷൻസാണ് കരാറെടുത്തിരിക്കുന്നത്. കിറ്റ്കോ യാണ്‌ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. മേൽക്കൂര സ്ഥാപിക്കുന്നതിനുള്ള സ്ട്രക്ചർ വർക്കുകൾ പൂർത്തിയായി. അലൂമിനിയം ഷീറ്റുകൾ ഫിക്സ് ചെയ്യാനുണ്ട്. പെയിന്റിംഗ് ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിന്റെ അതിർത്തി തിരിച്ച് ഫെൻസിംഗ് സ്ഥാപിച്ചു.ഫ്ലോറിംഗ് വർക്കുകൾ തീർക്കാനുണ്ട്. മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ വിരിച്ച് മനോഹരമാക്കാനാണ് പദ്ധതി. 40 മീറ്റർ നീളവും, 25 മീറ്റർ വീതിയും ,12 മീറ്റർ ഉയരവുമുള്ള കെട്ടിടം ആകെ 11700 സ്ക്വയർഫീറ്റിലാണ് പൂർത്തിയാക്കുന്നത്.

ഒരേ സമയം മൂന്ന് മത്സരങ്ങൾ

രണ്ട് ബാഡ്മിന്റൺ കോർട്ട്, ഒരു വോളിബോൾ കോർട്ട് ഉൾപ്പെടെ ഇവിടെ ഒരേ സമയം മൂന്ന് മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്റർനാഷണൽ മത്സരങ്ങൾ ഉൾപ്പടെ സംഘടിപ്പിക്കുവാൻ "മേപ്പർ വുഡ് " ഫ്ലോറിംഗ് സംവിധാനമാണ് തയ്യാറാക്കുന്നത്. നിലവിലെ നിർമ്മാണത്തിൽ ഗ്യാലറി ഇല്ല .എന്നാൽ കൂടുതൽ തുക അനുവദിച്ച് ഗ്യാലറി ഒരുക്കുന്നതിനുള്ള സ്ഥല സൗകര്യം കൂടി ഇതിനകത്ത് ഉണ്ട്. ഒരു സമയം സ്റ്റേഡിയത്തിന് ഉള്ളിൽ 250ഓളം കായിക പ്രേമികൾക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കും. കൂടാതെ ഒരു ഓഫീസ് റൂം കായികതാരങ്ങൾക്ക് വിശ്രമിക്കുന്നതിനും ഡ്രസ് ചെയ്യുന്നതിനും മറ്റുമായി രണ്ടു റൂമുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് ആവശ്യമായ വെള്ളം ഇവിടെ നിന്ന് തന്നെ സംഭരിക്കും. 3 ലക്ഷം ലിറ്റർ വെള്ളം കിട്ടുന്ന5 അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്കുകൾ സ്റ്റേഡിയത്തിനടിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് വെള്ളം ഫിൽട്ടർ ചെയ്ത് ഉപയോഗിക്കും.