കുന്നത്തൂർ : ശാസ്താംകോട്ട - ആഞ്ഞിലിമൂട് റൂട്ടിൽ റോഡിനൊപ്പം പാതയോരവും നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കിഫ്ബി പദ്ധതിയനുസരിച്ച് നടന്നുവരുന്ന വെറ്റമുക്ക് - താമരക്കുളം റോഡ് വികസനത്തിന്റെ ഭാഗമായാണ് ശാസ്താംകോട്ട - ആഞ്ഞിലിമൂട് പാതയോരം തറയോട് പാകി നവീകരിക്കുന്നത്. ഈ റൂട്ടിൽ മുൻപുണ്ടായിരുന്ന കലുങ്ക് നവീകരിക്കാതെ ഒഴിവാക്കാൻ അധികൃതർ നീക്കം നടത്തിയിരുന്നു. തുടർന്ന് നാട്ടുകാർ നിർമ്മാണം തടയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അധികൃതർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് കലുങ്ക് പുനർനിർമ്മിക്കാമെന്നും കാൽനടയാത്രക്കാർക്കായി പാതയോരം തറയോട് പാകി നവീകരിക്കാമെന്നും ഉറപ്പു നൽകിയത്. ശാസ്താംകോട്ട ക്ഷേത്ര ഗോപുരം വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്.
എന്നാൽ ഈ ഭാഗങ്ങളിലെ വ്യാപക കൈയേറ്റം നവീകരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനിടെ ശാസ്താംകോട്ട രാജഗിരി ഭാഗത്ത് മാസങ്ങൾക്കു മുമ്പ് ആരംഭിച്ച കലുങ്കിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ഇലക്ഷനു മുമ്പ് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഡിന്റെ പകുതി ഭാഗം കുഴിച്ച് കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇരു ഭാഗത്തേക്കും പോകുന്നവർ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ഇവിടെ മിനിട്ടുകളോളം കാത്തുകിടക്കേണ്ട ഗതികേടിലാണ് വാഹനയാത്രികർ.