d

തഴവ: കുലശേഖരപുരത്ത് കൊവിഡ് രൂക്ഷമാണെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തേ തുടർന്ന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം കുറുങ്ങപ്പള്ളി സ്വദേശിയായ ഒരാൾ കൂടി മരിച്ചതോടെ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വരാനിരിക്കെ പഞ്ചായത്തിൽ മുന്നൂറ്റി മുപ്പത്തി അഞ്ച് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ഒന്നാം ഘട്ട വ്യാപനത്തിലും സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കുലശേഖരപുരത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായിരുന്നു. ആറോളം കശുഅണ്ടി ഫാക്ടറികളാണ് പഞ്ചായത്തിൽ സജീവമായി പ്രവർത്തിക്കുന്നത്. കൂടാതെ കായലോര മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന മത്സ്യ വിപണനവും നൂറുകണക്കിന് ആളുകൾ വരുന്ന പുതിയകാവ് , വള്ളിക്കാവ് മാർക്കറ്റുകളും രോഗ വ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. രോഗ സാഹചര്യം വിലയിരുത്താൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ച് ചേർത്തിരുന്നു.