d

തൊടിയൂർ: കൊവിഡ് പോസിറ്റീവായ വിവരം അറിഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരെയോ പൊലീസിനെയോ അറിയിക്കാതെ വീടിനോട് ചേർന്നുള്ള കടയിൽ കച്ചവടം നടത്തിവന്ന വ്യാപാരിക്കെതിരെ കേസ്. സെക്ടറൽ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന് പിഴ ചുമത്തുകയും കട അടപ്പിക്കുകയും ചെയ്തു. ഈ മാസം 15ന് കൊവിഡ് പോസിറ്റീവായ തൊടിയൂർ ചെട്ടിയത്ത് മുക്കിലെ കെ.ജെ സ്റ്റോഴ്സ് ഉടമയ്ക്ക് എതിരെയാണ് കേസ്. കൊവിഡ് പോസിറ്റീവായ ഇദ്ദേഹവും ഭാര്യയും ചേർന്ന് കച്ചവടം നടത്തി വരുന്ന വിവരം നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.
ആരോഗ്യ പ്രവർത്തകർ അന്വേഷിച്ചപ്പോൾ കൊവിഡ് പോസിറ്റീവായ കാര്യം ഇവർ നിഷേധിച്ചു. തുടർന്ന് വെബ് സൈറ്റ് പരിശോധിച്ചാണ് രോഗവിവരം സ്ഥിരീകരിച്ചത്. ക്വാറന്റൈൻ ലംഘനത്തിന് സക്കീർ ഹുസൈന്റെ പേരിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.കടയുടെ പരിസരങ്ങളിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 13ന് ശേഷം ഈ കടയിൽ പോയിട്ടുള്ളവർ തൊടിയൂർ പി.എച്ച്.സിയുമായി ബന്ധപ്പെടണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.