കൊല്ലം: ആശ്രാമം ലക്ഷ്മണാ ജംഗ്ഷനിലൂടെ ചേക്കോട്ട് ഭാഗത്തുള്ള ഫ്ളാറ്റുകളുടെയും ആശുപത്രികളുടെയും കക്കൂസ് മാലിന്യം ഓട നിർമ്മിച്ച് അഷ്ടമുടിക്കായലിലേക്ക് ഒഴുക്കിവിടാൻ കൊല്ലം കോർപ്പറേഷൻ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്ന് സി.എം.പി കൊല്ലം സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. ആശ്രാമം ലക്ഷ്മണാ ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവരെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുന്നതാണ് നടപടി. ഉളിയക്കോവിൽ, ആശ്രാമം ഡിവിഷൻ കൗൺസിലർമാർ ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം രോഗികളാക്കുന്നതിന് കൂട്ടുനിൽക്കുന്നതായും യോഗം ആരോപിച്ചു.
ജില്ലാ സെക്രട്ടറി ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. വിജയബാബു അദ്ധ്യക്ഷത വഹിച്ചു അൻവർഖാൻ, രാമചന്ദ്രൻ കടകംപള്ളി, വിജയൻ, എൽ. പ്രകാശ് മധു തുടങ്ങിയവർ സംസാരിച്ചു.