ശാസ്താംകോട്ട: ആഞ്ഞിലിമൂട് ജംഗ്ഷനിലെ അശാസ്ത്രീയ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു. കിഫ്ബി പദ്ധതിയിൽ നിർമ്മാണം നടക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ ആഞ്ഞിലിമൂട് ജംഗ്ഷനിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുനർനിർമ്മിച്ചതോടെ റോഡിന് പൊക്കം കൂടിയതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ലെന്നാണ് ആക്ഷേപം. ആഞ്ഞിലിമൂട് മത്സ്യച്ചന്തയിലെ മലിനജലം ഉൾപ്പെടെയുള്ള വെള്ളമാണ് ഇതുമൂലം കെട്ടിക്കിടക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ഓട്ടോ സ്റ്റാൻഡിലും വെള്ളക്കെട്ടായതോടെയാണ് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വെള്ളക്കെട്ടിന് പരിഹാരം കാണാതെയാണ് ഇന്നലെ കരാറുകാരൻ റോഡരികിൽ ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാനുള്ള പണി ആരംഭിച്ചത്. ഇത് തടഞ്ഞതോടെ പി.ഡബ്ലിയു.ഡി അസി. എൻജിനിയർ മുരുകേശ് അടക്കുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിലവിലുണ്ടായിരുന്ന കലുങ്ക് തെളിച്ച് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാമെന്ന് ഉറപ്പുനൽകി. ആഞ്ഞിലിമൂട് ജംഗ്ഷൻ മുതൽ മനോവികാസ് സ്കൂളിന് സമീപം വരെ ഓട നിർമ്മിക്കാമെന്നും ജംഗ്ഷൻ മുതൽ ശാസ്താംകോട്ട റോഡിൽ 500 മീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശവും ടൈൽ പാകി നൽകാമെന്നും പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയതോടെയാണ് പണി പുനരാരംഭിച്ചത്.