കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ പുറപ്പെടാനൊരുങ്ങിയപ്പോൾ മോഷ്ടാവ് ഉള്ളിൽ കടന്ന് യുവതിയുടെ മാല പിടച്ചുപറിച്ച ശേഷം ഓടിരക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ആതിരദേവാനന്ദിന്റെ മൂന്ന് പവന് തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെ 2.10-ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ഗുരുവായൂർ-ചെന്നൈ എഗ്മോർ ട്രെയിനിലാണ് മോഷണം നടന്നത്. ആലപ്പുഴയിൽ നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന ആതിര ഉറങ്ങുന്നതിനിടയിലാണ് മാല മോഷ്ടാവ് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉടനെ ഉണർന്ന് ബഹളം വച്ചെങ്കിലും മോഷ്ടാവ് പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടി രക്ഷപ്പെട്ടു. റെയിൽവേസ്റ്റേഷനിലെ സി.സി.ടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ മോഷ്ടാവിനെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. റിസർവേഷൻ ടിക്കറ്റ് ബുക്ക്ചെയ്തവരെ മാത്രമാണ് നിലവിൽ സ്റ്റേഷനുള്ളിലേക്ക് കടത്തിവിടുന്നത്. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.