കരുനാഗപ്പള്ളി: ദേശീയപാതയിൽ വാഹനാപകടത്തിൽ ഫയർ ഫോഴ്സ് ജീവനക്കാരൻ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) വി. വിനീതാണ് (34) ഇന്നലെ രാവിലെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
രാവിലെ ഏഴോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിച്ചാണ് അപകടം. കഴിഞ്ഞ ആറുവർഷമായി തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ജോലിയിൽ തുടരവെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചിരുന്നു. 2018ലെ പ്രളയകാലത്ത് 12 ദിവസത്തോളം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കൊവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കരുനാഗപ്പള്ളി ഫയർസ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. തെക്കൻ മൈനാഗപ്പള്ളി, കോട്ടക്കുഴി തെക്കേതിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ വിദ്യാധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൾ ദേവശ്രീ (6).