കരുനാഗപ്പള്ളി: വാഹനത്തിൽ യാത്ര ചെയ്യാനുള്ള വഴി ലഭ്യമാകുമെന്ന് അറിഞ്ഞതോടെ പാറ്റോലി തോടിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവർ സന്തോഷത്തിലാണ്. കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്കുവശം തോടിന്റെ പടിഞ്ഞാറ് വശത്തുള്ള 50ഓളം കുടുംബങ്ങളാണ് മൂന്നര പതിറ്റാണ്ടിലേറെയായി വഴിസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. വർഷങ്ങളായുള്ള ഇവരുടെ സ്വപ്നം അധികം താമസിക്കാതെ യാഥാർത്ഥ്യമാകും.
വർഷങ്ങൾക്ക് മുമ്പ് തോടിനു സമീപത്തെ ചതുപ്പുപ്രദേശങ്ങൾ വിലയ്ക്ക് വാങ്ങി നികത്തിയാണ് ഇവർ വീടുകൾ നിർമ്മിച്ച് താമസമായത്. മുൻപ് തോടിന്റെ വശത്തുകൂടിയാണ് ഇവർ നടന്ന് പ്രധാന റോഡിലെത്തിയിരുന്നത്. ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്കുള്ള റെയിൽപ്പാത യാഥാർത്ഥ്യമായതോടെ നാട്ടുകാർ ഇതിലൂടെ വഴിനടക്കാൻ തുടങ്ങി.
ടൈറ്റാനിയം ഫാക്ടറി റെയിൽപ്പാത ഉപേക്ഷിച്ചതോടെ നാട്ടുകാർ പാതയുടെ പടിഞ്ഞാറുവശം ചെത്തി നിരപ്പാക്കി ഒറ്റയടിപ്പാത നിർമ്മിച്ചു. സൈക്കിൾ ഉരുട്ടിക്കൊണ്ട് പോകാവുന്നത്ര വീതിയേ ഒറ്റയടിപ്പാതയ്ക്ക് ഉണ്ടായിരുന്നുള്ളൂ. വേലിയേറ്റ സമയത്ത് തോട്ടിൽ നിന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുമ്പോൾ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാകും. അർദ്ധരാത്രിക്ക് ശേഷമാകും മിക്കപ്പോഴും വേലിയേറ്റമുണ്ടാകുന്നത്.
പദ്ധതി ഇപ്രകാരം
ആദ്യഘട്ടമായി പാറ്റോലി തോടിന്റെ പടിഞ്ഞാറുവശത്തെ നിലവിലുള്ള കരിങ്കൽ ഭിത്തി ഉയർത്തി ബലപ്പെടുത്തും. ഇവിടെ നിന്ന് 6 മീറ്റിൽ പടിഞ്ഞാറ് വശത്തായി വീണ്ടും കരിങ്കൽഭിത്തി കെട്ടും. രണ്ട് സംരക്ഷണ ഭിത്തികളുടെയും മദ്ധ്യഭാഗത്തുള്ള സ്ഥലം ഗ്രാവൽ നികത്തി ഉയർത്തി റോഡാക്കും. ഇത്തരത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പാറ്റോലി തോടിന് കുറുകേ നടപ്പാലം കൂടി നിർമ്മിച്ചാൽ കരുനാഗപ്പള്ളി നഗരസഭയുടെ 14-ാം ഡിവിഷനെ തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ 22-ാം വാർഡുമായി ബന്ധിപ്പിക്കാനാവും.
50 ലക്ഷം രൂപ
റോഡ് നിർമ്മാണത്തിനും തോടിന്റെ ഭിത്തി ബലപ്പെടുത്തുന്നതിനുമായി 50 ലക്ഷം രൂപയാണ് ജലസേചന വകുപ്പിൽ നിന്ന് അനുവദിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെയും നഗരസഭാ കൗൺസിലർ റെജി ഫോട്ടോപാർക്കിന്റെയും ശ്രമഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴിതുറന്നത്. ടൈറ്റാനിയം അധികൃതരുടെ അനുമതിയോടുകൂടി മാത്രമേ ഇവിടെ റോഡ് നിർമ്മിക്കുകയുള്ളൂ എന്ന് കൗൺസിലർ റെജി ഫോട്ടോപാർക്ക് പറഞ്ഞു. ഇതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
വഴിയില്ലാതെ മൂന്നര പതിറ്റാണ്ട്
തോടിന്റെ പടിഞ്ഞാറ് വശത്തുള്ള 50ഓളം കുടുംബങ്ങളാണ് മൂന്നര പതിറ്റാണ്ടിലേറെയായി വഴിസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. റോഡ് നിർമ്മാണത്തിനായി ഇറിഗേഷൻ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെയെത്തി സർവേ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുനതിനാലാണ് ടെന്റർ നടപടി വൈകുന്നത്. തോടിന്റെ വശങ്ങളിൽ താമസിക്കുന്നവരുടെ യാത്രാദുരിതത്തെ കുറിച്ച് പലതവണ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാഹനം പോകുന്ന വഴിയെന്ന ഇവരുടെ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും. ടൈറ്റാനിയം അധികൃതരുടെ അനുവാദത്തോടെ റോഡ് നിർമ്മിക്കും. ഇതിനാവശ്യമായ 50 ലക്ഷം രൂപ ജലസേചന വകുപ്പ് തിരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്നതോടെ ടെന്റർ നടപടി ആരംഭിക്കും. വേലിയേറ്റ വെള്ളക്കെടുതിയിൽ നിന്ന് നാട്ടുകാരെ സംരക്ഷിക്കും.
റെജി ഫോട്ടോപാർക്ക്
കൗൺസിലർ
14-ാം ഡിവിഷൻ
കരുനാഗപ്പള്ളി നഗരസഭ