കൊല്ലം: ജനവാസ മേഖലയിൽനിന്നുള്ള ക്വാറികളുടെ ദൂരപരിധി ഹരിത ട്രൈബ്യൂണൽ വർദ്ധിപ്പിച്ചതോടെ ക്വാറികൾ ഒന്നൊന്നായി അടഞ്ഞുതുടങ്ങി.ഇതോടെ ആവശ്യത്തിന് പാറ ലഭിക്കാതെ വിഴിഞ്ഞം തുറമുഖനിർമ്മാണം ഇഴയുന്നു. പുലിമുട്ട് നിർമ്മാണത്തിന് പ്രതിദിനം 12,000 മുതൽ 15,000 ടൺ പാറ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിത് 5,000 ടണ്ണായി കുറഞ്ഞു.
2018 പകുതിയോടെ തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകേണ്ടതായിരുന്നു. ഇതുവരെ 60 ശതമാനം പോലുമായിട്ടില്ല. കെട്ടിടം, മെയിൻഗേറ്റ്, റോഡ്, ബാക്ക്അപ്പ് യാർഡ്, ബെൽത്ത് പൈലിംഗ് എന്നിവ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 80 ശതമാനത്തോളം പൂർത്തിയായി. പക്ഷെ, പുലിമുട്ട് നിർമ്മാണം 30 ശതമാനത്തിൽ നിൽക്കുകയാണ്. പുലിമുട്ട് പൂർത്തിയായാലേ കപ്പൽ ചാൽ രൂപപ്പെടുത്തി യാനങ്ങൾ അടുപ്പിക്കാനാകൂ. പ്രശ്നം പരിഹരിക്കാൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18 ക്വാറികളുടെ ലൈസൻസിംഗ് നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പക്ഷെ, മൂന്ന് ക്വാറികൾക്ക് മാത്രമാണ് ഇതുവരെ ലൈസൻസ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നു പാറ എത്തിച്ചിട്ടും തികയുന്നില്ല.
സർക്കാർ ഇടപെടൽ തേടി...
പ്രതിദിനം 15,000 ടൺ പാറ ലഭിച്ചാൽ 2022 ഡിസംബറിൽ പുലിമുട്ട് പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോഴത്തെ നിലയിൽ ഒരു വർഷം കൂടുതൽ വേണ്ടി വരും. ഇപ്പോൾ ഖനനം നടക്കുന്ന മൂന്ന് ക്വാറികളിൽനിന്ന് കൂടുതൽ പാറ ലഭിക്കില്ല. ഹരിത ട്രൈബ്യൂണൽ ഉത്തരവ് മറികടക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ വിഴിഞ്ഞം പദ്ധതി സ്തംഭനത്തിലേക്ക് നീങ്ങും.
പുലിമുട്ട് നിർമ്മാണം : 30%
ഉപയോഗിച്ച പാറ: 15 ലക്ഷം ടൺ
ഇനി വേണ്ടത്: 55 ലക്ഷം ടൺ
ഇപ്പോഴത്തെ പ്രശ്നം
# 2015ലെ മൈനർ മിനറൽ കൺസ്ട്രക്ഷൻ ആക്ട് പ്രകാരം ക്വാറികൾക്ക് തൊട്ടടുത്ത വീടുകളിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ
# കഴിഞ്ഞ ജൂലായിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി 200 മീറ്ററായി വർദ്ധിപ്പിച്ചു.
# സംസ്ഥാനത്തെ 90 ശതമാനം ക്വാറികൾക്കും പ്രവർത്തിക്കാനാകാത്ത സ്ഥിതി.
# ക്വാറി ഉടമകൾ ഹൈക്കോടതിയിലേക്ക്.
# പ്രവർത്തിക്കുന്നവയ്ക്ക് തുടരാമെന്നും ലൈസൻസ് പുതുക്കുമ്പോഴും പുതിയത് തുടങ്ങുമ്പോഴും ഹരിത ട്രൈബ്യൂണൽ ഉത്തരവ് ബാധകമെന്ന് ഹൈക്കോടതി
# ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള ക്വാറികൾക്ക് ഒരു വർഷത്തേക്കും ഒരു ഹെക്ടറിന് മുകളിൽ വിസ്തൃതിയുള്ള ലീസ് ക്വാറികൾക്ക് അഞ്ച് വർഷത്തേക്കുമാണ് ഖനാനുമതി
# ലൈസൻസ് പുതുക്കി നൽകുന്നില്ല. 200 മീറ്റർ ദൂരപരിധി പാലിക്കാത്തതിനാൽ പുതിയ ക്വാറികൾക്ക് അനുമതി ലഭിക്കുന്നില്ല.