publi-library
കൊല്ലം പബ്ളിക് ലൈബ്രറി

 കൊല്ലം പബ്ലിക് ലൈബ്രറി അടഞ്ഞിട്ട് ഒരുവർഷം

കൊല്ലം: പുസ്തക പ്രേമികൾക്ക് മുന്നിൽ കൊല്ലം പബ്ളിക് ലൈബ്രറിയുടെ വാതിലുകൾ അടഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ആളും ആരവവുമൊഴിഞ്ഞ ലൈബ്രറിയുടെ ഷെൽഫുകളിലിരുന്ന് ചിതലരിക്കുകയാണ്, വി‌ജ്ഞാനത്തിന്റെ വാതായനങ്ങളായ ഒന്നര ലക്ഷത്തോളം പുസ്തകങ്ങൾ.

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഒരേപോലെ പ്രയോജനപ്രദമായതും ആസ്വാദ്യകരവുമായ പുസ്തകങ്ങളാണ് പരിചരണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ച പബ്ളിക് ലൈബ്രറിയിൽ ഇപ്പോൾ ജീവനക്കാർക്ക് വേതനം നൽകാൻ പോലും കഴിയുന്നില്ല. കൊവിഡ് പിടിയിൽ വരുമാനം നിലച്ചതാണ്‌ പ്രതിസന്ധി സൃഷ്ടിച്ചത്.

മലയാളം, ചരിത്ര പഠനം എന്നിവയ്ക്കായി യു.ജി.സി അനുവദിച്ച ഗവേഷണകേന്ദ്രം ഇന്ന് കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന ആക്ഷേപം വായനക്കാർ ഉയർത്തുന്നുണ്ട്. കൊല്ലത്തെ അക്ഷരമുത്തശിയെ പഴയകാല പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അധികൃതർ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

 ഭരണസമിതിയുണ്ട്, പേരിനുമാത്രം

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയുമടക്കം പന്ത്രണ്ട് അംഗങ്ങളാണ് കൊല്ലം പബ്ളിക് ലൈബ്രറിയുടെ ഭരണസമിതിയിലുള്ളത്. ജില്ലാ കളക്ടർ ചെയർമാനും മേയർ വൈസ് ചെയർമാനുമാണ്. ഭരണത്തലപ്പത്ത് പ്രമുഖർ അനവധിയുണ്ടെങ്കിലും വർഷത്തിൽ ഒരിക്കൽപ്പോലും ഭരണസമിതി യോഗം ചേരാറില്ലെന്ന ആക്ഷേപം ഏറെക്കാലമായി ഉയരുന്നുണ്ട്. പരാതികളേറിയപ്പോൾ മുൻ കളക്ടറുടെ നേതൃത്വത്തിൽ നിർവഹണ, അച്ചടക്ക ഉപസമിതികൾ രൂപീകരിച്ചിരുന്നു. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും നടപ്പിലായില്ല. നിലവിലെ ഭരണസമിതി കാലാവധി പൂർത്തിയാക്കിയെങ്കിലും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നില്ല.

 പുസ്തകങ്ങൾ സുരക്ഷിതമെന്ന്

സുരക്ഷാജീവനക്കാർ പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത്രയധികം പുസ്തകങ്ങൾ പൊടിതട്ടിയെടുക്കണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടിവരും. സംസ്ഥാന സർക്കാർ തുറക്കാൻ നിർദ്ദേശം നൽകിയെങ്കിലും ബന്ധപ്പെട്ടവർ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വായനക്കാരെ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ലൈബ്രറി ജീവനക്കാർ കളക്ടറെ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല.

 നിലവിൽ വരുമാനം തുശ്ചം

ലൈബ്രറി വളപ്പിലുള്ള സോപാനം ഓഡിറ്റോറിയം, സാവിത്രി, സരസ്വതി ഹാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വാടകയാണ് പബ്ളിക് ലൈബ്രറിയുടെ പ്രധാന വരുമാനം. ജീവനക്കാരുടെ ശമ്പളമുൾപ്പെടെ ഇതിൽ നിന്നാണ് നൽകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വരുമാനങ്ങൾ നിലച്ചതാണ് തിരിച്ചടിയായത്. കൊവിഡ് നിയന്ത്രണം വീണ്ടും വന്നതോടെ കാര്യങ്ങൾ പഴയപടിയാകുമെന്നാണ് കരുതുന്നത്.

 അക്ഷരമുത്തശിയുടെ ചരിത്രം

1973ൽ പുറത്തിറങ്ങിയ 'അച്ചാണി' എന്ന സിനിമയിൽ നിന്നുള്ള ലാഭം മുഴുവൻ നിർമ്മാതാവായ കെ. രവീന്ദ്രൻ നായർ കൊല്ലത്ത് ഒരു പൊതുഗ്രന്ഥശാല സ്ഥാപിക്കുന്നതിനായി സംഭാവന ചെയ്തതിലൂടെയാണ് കൊല്ലം പബ്ളിക് ലൈബ്രറി യാഥാർത്ഥ്യാമാകുന്നത്. ഏകദേശം 15 ലക്ഷത്തോളം രൂപയാണ് അദ്ദേഹം അന്ന് ലൈബ്രറിക്കായി നൽകിയത്.

 പുസ്തകങ്ങൾ: 1,50,000
 അംഗങ്ങൾ: 50,000
 സജീവ അംഗങ്ങൾ: 10,000