shops

കൊല്ലം: കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ കടകളുടെ പ്രവർത്തന സമയത്തെ കുറിച്ച് നടക്കുന്ന ചർച്ചകൾ വ്യാപാര മേഖലയിൽ കടുത്ത ആശങ്കയും വ്യാപാര നഷ്ടവും ഉണ്ടാക്കുന്നുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി. ഗോപകുമാറും പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ചെറുകിട വ്യാപാര മേഖലയിൽ ഇപ്പോഴത്തെ വ്യാപാനവും നിയന്ത്രണങ്ങളും കൂടുതൽ തകർച്ചയ്ക്ക് ഇടയാക്കും. പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വ്യാപാരികൾക്കെതിരെ കേസെടുക്കുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കണം.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പോലും ചെറുകിട വ്യാപാര മേഖലയെ അവഗണിച്ച കേരളത്തിലെ മുന്നണികൾ വ്യാപാരികളുടെ വോട്ടിനും ഫണ്ടിനും മാത്രമേ പരിഗണന നൽകുന്നുള്ളു. കഴിഞ്ഞ ഒരു വർഷമായി വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ള ബാദ്ധ്യതകളിൽ നിന്ന് കരകയറാനായി സാമ്പത്തിക ഉത്തേജക പാക്കേജിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് വാർഷിക സമ്മേളനങ്ങൾ മേയ് രണ്ട് വരെയുള്ളത് മാറ്റിവച്ചതായും ജില്ലാ ഭാരവാഹികൾ അറിയിച്ചു.