കൊല്ലം: ഭാവപ്പെരുമയോടെ കഥപറഞ്ഞ് കാണികളെ കോരിത്തരിപ്പിച്ച സാംബശിവൻ ഒാർമ്മയായിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. മറന്നതല്ല, കൊവിഡിന്റെ ദുരിതപ്പിടച്ചിലിൽ കലാലോകം ഓർമ്മപ്പൂക്കൾ മാറ്റിവച്ചതാണ്. 1980ൽ കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് നൽകി ആദരിച്ച സാംബശിവൻ കടന്നുപോയി കാൽ നൂറ്റാണ്ട് കഴിയുമ്പോഴും മലയാളികളുടെ മനസിൽ നിന്ന് ആ ശബ്ദവും സാന്നിദ്ധ്യവും ഇനിയും മാഞ്ഞുപോയിട്ടില്ല.
1929 ജൂലായ് നാലിന് കൊല്ലം ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും മകനായാണ് ജനനം. ചവറ സൗത്ത് ഗവ. യു.പി സ്കൂളിലും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിലും ചവറ ശങ്കരമംഗലം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബി.എ ഒന്നാം ക്ലാസിൽ പാസായി.
1957ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി. അതേ വർഷം സുഭദ്രയെ വിവാഹം ചെയ്തു. 1995ൽ ന്യൂമോണിയയും ശ്വാസകോശത്തിൽ അർബുദവും ബാധിച്ചതോടെ 1996 ഏപ്രിൽ 23ന് അറുപത്തേഴാം വയസിൽ കഥകളുടെ ലോകത്തുനിന്ന് അദ്ദേഹം പടിയിറങ്ങി. മൂത്ത മകനായ വസന്തകുമാർ സാംബശിവൻ ഇപ്പോൾ കഥാപ്രസംഗരംഗത്തുണ്ട്. വസന്തകുമാറിനെ കൂടാതെ മൂന്ന് മക്കൾകൂടി അദ്ദേഹത്തിനുണ്ട്.
1949ലെ ഓണക്കാലത്ത് ചതയം നാളിൽ രാത്രി 8ന് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, പെട്രൊമാക്സിന്റെ വെളിച്ചത്തിലാണ് വി. സാംബശിവൻ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’ ആയിരുന്നു കഥ. അതിനുശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല, ആയിഷ, റാണി, പട്ടുനൂലും വാഴനാരും, പ്രേമശില്പി, പുള്ളിമാൻ എന്നീ കഥകളിലൂടെ അദ്ദേഹം പ്രേക്ഷക മനസിൽ സ്ഥാനമുറപ്പിച്ചു.
1963ൽ ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഒഫ് ഡാർക്നെസ് ' (തമശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അവതരിപ്പിച്ചു. പിന്നീട് ‘ഒഥല്ലോ ദി മൂർ ഒഫ് വെനീസ്’ എന്ന വിഖ്യാത ഷേക്സ്പീരിയൻ ദുരന്തനാടകം 1964ൽ കഥാപ്രസംഗവേദികളിൽ എത്തിച്ചു. ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സാംബശിവൻ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. എൻ.എം. ശ്രീധരൻ സംവിധാനം ചെയ്ത 'പല്ലാങ്കുഴി' എന്ന ചിത്രത്തിൽ സാംബശിവൻ നായകനായും അഭിനയിച്ചിട്ടുണ്ട്.