വേതനം ലഭിച്ചില്ലെന്ന് പരാതി
ശാസ്താംകോട്ട: നിമയസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബൂത്ത് ലെവൽ ഓഫീസർമാർക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. ബി.എൽ.ഒമാർക്ക് വാർഷിക വേതനമായി നിശ്ചയിച്ച 6000 രൂപയും ടെലഫോൺ അലവൻസായ 1200 രൂപയും ഉൾപ്പടെ 7200 രൂപയാണ് ഇനിയും നൽകാത്തത്. വോട്ടർമാരുമായി നേരിട്ട് ബന്ധമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടിസ്ഥാന ജീവനക്കാരാണ് ബൂത്ത് ലെവൽ ഓഫീസർമാർ. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർക്കാണ് ബൂത്ത് ലെവൽ ഓഫീസറുടെ ചുമതല നൽകിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് ദിവസത്തെ സേവനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർക്ക് 2300 രൂപ വേതനം നൽകുമ്പോൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് നൽകിയത് 1250 രൂപ മാത്രമാണ്. ഒാരോ ബൂത്തിലും അഞ്ഞൂറോളം വീടുകളും ആയിരത്തോളം വോട്ടർമാരുമുണ്ട്. സ്ലിപ്പ് വിതരണം ഉൾപ്പടെ നടത്തിയ പല ബൂത്ത് ലെവൽ ഓഫീസർമാർക്കും കൊവിഡ് വാക്സിൻ പോലും നൽകിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
ബൂത്ത് ലെവൽ ഓഫീസറുടെ ചുമതലയുള്ളത്
സർക്കാർ ജീവനക്കാർ
പെൻഷൻകാർ
അങ്കണവാടി ജീവനക്കാർ
പ്രധാന സേവനങ്ങൾ
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയവരെക്കുറിച്ചുള്ള അന്വേഷണം
തിരിച്ചറിയൽ കാർഡ് വിതരണം
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തപാൽ വോട്ടിനുള്ള ഫാറം വിതരണം
തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ലിപ്പ് വിതരണം
തിരഞ്ഞെടുപ്പു ദിവസം ബൂത്തിൽ ഹെൽപ്പ് ഡെസ്കിൽ പ്രവർത്തിക്കൽ