hm
സഹോദരൻ അജേഷിനൊപ്പം അനീഷും ആര്യയും

പത്തനാപുരം: അച്ഛൻ കലാകാരനാണങ്കിൽ മക്കൾ മൂന്ന് പേരും കായിക താരങ്ങൾ!. പട്ടാഴി ഏറത്ത് വടക്കിലെ പ്ലാവിളവീട് അക്ഷരാർത്ഥത്തിൽ ഒരു കലാ, കായിക കുടുംബമാണ്. ഇക്കഴിഞ്ഞ കേരള സർവകലാശാലാ ഗുസ്തി, ജൂഡോ മത്സരങ്ങളിൽ സുരേഷ് ബാബു - സുജാത ദമ്പതികളുടെ മക്കൾ തിളക്കമാർന്ന വിജയമാണ് കൈവരിച്ചത്. ബിരുദ വിദ്യാർത്ഥിയായ ഇളയമകൾ ആര്യ ബാബു കേരള വനിതാവിഭാഗം ഗുസ്തി മത്സരത്തിൽ മൂന്നാം സ്ഥാനവും ജൂഡോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സഹോദരൻ അനീഷ് ബാബു പുരുഷവിഭാഗം ഗുസ്തി മത്സരത്തിൽ രണ്ടാം സ്ഥാനവും ജൂഡോയിൽ മൂന്നാംസ്ഥാനവും സ്വന്തമാക്കി. ഈ മിന്നും താരങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ്.

റസലിംഗ് കോച്ചും റഫറിയുമായ മൂത്ത സഹോദരൻ അജേഷ് ബാബുവിന്റെ ചിട്ടയായ പരിശീലനത്തിന്റെ ഫലമായാണ് അനുജനും അനുജത്തിയും നാടിന് അഭിമാനമാകുന്നത്. തനിക്ക് ലഭിക്കാതെ പോയ നേട്ടങ്ങൾ സഹോദരങ്ങളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് അജേഷ് ബാബു. ഇരുവർക്കും ദേശീയ തലത്തിൽ മികവ് പ്രകടിപ്പിക്കാൻ ഇനിയും മികച്ച പരിശീലനം ആവശ്യമാണ്.

കേരളത്തിലെ അറിയപ്പെടുന്ന കാക്കാരിശി നാടക ട്രൂപ്പായ താമരക്കുടി പ്രണവം തീയറ്റേഴ്‌സിന്റെ നാടകങ്ങളിൽ കാക്കാനായി വേഷമിടുന്നത് പിതാവ് സുരേഷ് ബാബുവാണ്. കൊവിഡിനെ തുടർന്ന് ഉത്സവങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കാക്കാരിശി നാടകങ്ങളും കുറഞ്ഞു. പ്രതിസന്ധികളിൽ കുടുംബം ബുദ്ധിമുട്ടുന്നതിനിടെയാണ് മക്കളുടെ അഭിമാന നേട്ടം. സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടെങ്കിലും കുട്ടികൾക്ക് മികച്ച പരിശീലനം നൽകണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.