കൊല്ലം:അഞ്ചൽ ഭാരതീപുരം ഷാജി പീറ്റർ കൊലക്കേസിൽ സഹോദര ഭാര്യ ആര്യയെ മൂന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകി.
ഷാജി പീറ്ററിന്റെ സഹോദരൻ സജിൻ പീറ്ററും മാതാവ് പൊന്നമ്മയും റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. ഇവരെ കിട്ടുന്ന മുറയ്ക്ക് ആര്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ഒന്നര വയസുള്ള കുഞ്ഞിന്റെ അമ്മയായ ആര്യയെ മുഖ്യസാക്ഷിയാക്കാൻ ആലോചന നടന്നെങ്കിലും നിയമോപദേശം ലഭിച്ചശേഷമാണ് പ്രതിചേർക്കാൻ തീരുമാനിച്ചത്. കേസിൽ മറ്റ് പ്രതികളുണ്ടാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2018ലെ തിരുവോണനാളിലാണ് ഷാജിയെ സജിൻ കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ഷാജിക്കൊപ്പം താമസിച്ച സ്ത്രീ ആര്?
ഷാജി പീറ്റർ കൊല്ലപ്പെടും മുൻപ് കുറേക്കാലം ഒരു സ്ത്രീയെ കൂടെ താമസിപ്പിച്ചിരുന്നു. വീടിന് സമീപത്ത് ഷെഡ് കെട്ടിയാണ് താമസിച്ചത്. പിന്നീട് ഇവരുടെ വിവരങ്ങളില്ല. ഇവരുടെ വിവരങ്ങളും പൊലീസ് തേടുന്നുണ്ട്.
കൊലപാതകത്തിൽ ആര്യയ്‌ക്ക് നേരിട്ട് പങ്കില്ലെങ്കിലും അവരുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കൊലപാതകം നടന്നത്. മാത്രമല്ല, ദൃക്‌സാക്ഷിയായിട്ടും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാലാണ് കേസെടുത്തത്.
- അന്വേഷണ ഉദ്യോഗസ്ഥൻ