c

കൊല്ലം: ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നവർക്ക് നിബന്ധനകൾ ബോദ്ധ്യപ്പെടുത്തി നൽകേണ്ട ബാദ്ധ്യത ബോർഡിലെ ജീവനക്കാർക്കാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. പത്തുവർഷം തുടർച്ചയായി അംശാദായം ഒടുക്കിയില്ലെന്ന പേരിൽ ഒരാൾക്ക് പെൻഷൻ നിഷേധിച്ചെന്ന പരാതിയിലാണ് കമ്മിഷനംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
പരാതിക്കാരനായ ഉളിയക്കോവിൽ സ്വദേശി സുദർശനൻ 1957ലാണ് ജനിച്ചത്. 2011ൽ അദ്ദേഹം കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്തു. 2017ലാണ് അദ്ദേഹത്തിന് 60 വയസ് പൂർത്തിയായത്. അംഗത്വപ്രകാരം 5 വർഷത്തെ സർവീസ് മാത്രമാണ് പരാതിക്കാരനുള്ളത്.
ക്ഷേമനിധി സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാതിക്കാരന് 5 വർഷവും 3 മാസവും മാത്രമാണ് സേവന കാലാവധിയുള്ളതെന്ന് വ്യക്തമാക്കുന്നു. പെൻഷൻ ലഭിക്കാൻ കുറഞ്ഞത് പത്തുവർഷം തുടർച്ചയായി അംശാദായം അടയ്ക്കേണ്ടതുണ്ട്. എന്നാൽ താൻ 4820 രൂപ ക്ഷേമനിധി അടച്ചിട്ടുണ്ടെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.
അംഗത്വമെടുത്ത സമയത്ത് അഞ്ചുവർഷത്തെ സർവീസ് മാത്രമാണ് പരാതിക്കാരന് കിട്ടുന്നതെന്ന വസ്തുത അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.
പരാതിക്കാരന്റെ വിഷയം പ്രത്യേക അജണ്ടയാക്കി അർഹതപ്പെട്ട ധനസഹായം ലഭ്യമാക്കണമെന്ന് ക്ഷേമനിധി ബോർഡ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകി. സ്വീകരിച്ച നടപടി ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കുകയും വേണം.