ഓച്ചിറ: 'വൃത്തിയുള്ള ഓച്ചിറയ്ക്കായി രണ്ട് നാൾ' എന്ന പേരിൽ ഓച്ചിറ ഗ്രാ മപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ഇന്നും നാളെയും ശുചീകരണ പരിപാടി സംഘടിപ്പിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണത്തിൽ രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, വായനശാലാ പ്രവർത്തകർ, സമുദായ സംഘടനകൾ, കുടുംബശ്രീ, ഹരിത കർമ്മസേന, തൊഴിലുറപ്പ് പ്രവർത്തകർ, തദ്ദേശീയരായ സർക്കാർ ജീവനക്കാർ, സർവീസ് സംഘടനകൾ തുടങ്ങിയവർ പങ്കാളികളാകും. ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യും. പ്രവർത്തനങ്ങൾക്ക് വാർഡുതല ശുചിത്വ ആരോഗ്യ സമിതികൾ നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്താണ് ശുചീകരണ സാമഗ്രികൾ നൽകുന്നത്. പൊതുനിരത്തുകളും വീടുകളും കേന്ദ്രീകരിച്ച് ശുചീകരണം നടത്തണമെന്നും കാമ്പയിൻ എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് ബി. ശ്രീദേവി, സെക്രട്ടറി ടി. ദിലീപ് എന്നിവർ അറിയിച്ചു.