പുത്തൂർ: കുളക്കടയിൽ കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ ആൾത്തിരക്ക്, നിയന്ത്രണം പാളിയത് പ്രതിസന്ധി സൃഷ്ടിച്ചു. ഇന്നലെ രാവിലെ മുതൽ കുളക്കട തുരുത്തിലമ്പലത്തിലാണ് കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. കുളക്കട ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്ത് ദിവസമായി ഇവിടെ വാക്സിനേഷൻ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ ആൾത്തിരക്കുണ്ടായി. രാവിലെതന്നെ ഓഡിറ്റോറിയം ആളുകളെക്കൊണ്ട് നിറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെല്ലാം താറുമാറായതോടെ അധികൃതർ പൊലീസിനെ വിളിച്ചു. പൊലീസെത്തി ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് കുറച്ചെങ്കിലും പരിഹാരമുണ്ടാക്കിയത്. കൂടുതലും വൃദ്ധജനങ്ങളാണ് വാക്സിനേഷനായി ക്യാമ്പിലെത്തിയത്. ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുംവിധമാണ് ഇവിടെ മെഗാ ക്യാമ്പ് നടത്തിയതെന്ന് ആക്ഷേപമുയർന്നു. വേണ്ടത്ര ക്രമീകരണങ്ങളോ മുൻകരുതലോ ഇല്ലാതെ മെഗാ ക്യാമ്പ് നടത്തിയതിൽ കളക്ടർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.