കൊട്ടാരക്കര: ചന്തമുക്കിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് നടപടിയായി.ഓടയുടെ മൂടി ഇളക്കി പരിശോധിച്ചു. പുത്തൂർ റോഡിന്റെ ഭാഗത്തായി 15 മീറ്റർ ഓട തകർന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇവിടെ അടിയന്തരമായി ഓട പുനർ നിർമ്മിക്കാനും നീരൊഴുക്കിന് തടസമുള്ള മൂന്നിടങ്ങളിൽ ഓടയ്ക്ക് മേൽ ഗ്രില്ല് സ്ഥാപിക്കാനും തീരുമാനിച്ചു. ചന്തമുക്കിൽ നിന്ന് മിനർവ തീയേറ്റർ വരെയുള്ള നൂറുമീറ്റർ ദൂരത്തിൽ മൂന്നിടത്താണ് ഗ്രില്ല് സ്ഥാപിക്കേണ്ടത്. കല്ലുകൊണ്ട് കെട്ടിയ പഴയ ഓടയാണ് ഇവിടെയുള്ളത്. തകർന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യും. ഇതിന് മേൽമൂടി സ്ഥാപിക്കും. ചെറിയ മഴപെയ്താൽപോലും ചന്തമുക്ക് വെള്ളക്കെട്ടായി മാറുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് നഗരസഭ ചെയർ‌മാൻ എ.ഷാജു മുൻകൈയെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എത്തിച്ച് പരിശോധന നടത്തിയത്. മഴ പെയ്താൽ ഓടയിലേക്ക് വെള്ളം ഇറങ്ങിയിരുന്നില്ല. ഓട തകർന്നതിനാൽ റോഡ് നിറയെ വെള്ളം കെട്ടിനിൽക്കും. അടിയന്തരമായി നടപടികളുണ്ടാക്കാനാണ് തീരുമാനം.