photo
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്റെ നേതൃത്വത്തിൽ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ഏരൂരിലെ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തുന്നു.

അഞ്ചൽ: അഞ്ചലിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു. പ്രതിരോധിക്കാൻ ശക്തമായ നടപടികളുമായി ഗ്രാമപഞ്ചായത്തുകൾ രംഗത്ത്. മേഖലയിൽ ഇടമുളയ്ക്കൽ, അഞ്ചൽ, അലയമൺ, ഏരൂർ എന്നീ പഞ്ചായത്തുകളിലാണ് 300 ൽ അധികം പേർ നിലവിൽ കൊവിഡ് ബാധിതരായിട്ടുളളത്.

രോഗികൾ പഞ്ചായത്ത് തിരിച്ച്

ഏരൂർ -100

അലയൺ -54

ഇടമുളയ്ക്കൽ - 50

അഞ്ചൽ - 100

വീടുകളിൽ ചികിത്സയിൽ

കൊവിഡ് രോഗികൾ പലരും ഇപ്പോൾ വീടുകളിൽ തന്നെ ചികിത്സയിലാണ്. കൊവിഡ് കൈവിട്ട് തുടങ്ങിയതോടെ ഗ്രാമപഞ്ചായത്തുകൾ ശക്തമായ പ്രതിരോധ പ്രവർത്തനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏരൂർ പ‌ഞ്ചായത്തിൽ പ്രസിഡന്റ് ടി.അജയന്റെ നേതൃത്വത്തിൽ ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരിവ്യസായി പ്രതിനിധികളും ഉൾപ്പടെയുള്ളവർ പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. പരിശോധനയിൽ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തന്നവർക്ക് കർശനമായ താക്കീതും നൽകുന്നു.

രോഗികളുടെ എണ്ണം കൂടും

ഏരൂരിൽ വിവിധ ക്യാമ്പുകളിൽ നടത്തിയ 850ഓളം പേരുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്. ഇത് ലഭിക്കുന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ് കരുതുന്നത്. ഏരൂർ ചില്ലിംഗ് പ്ലാന്റിന് സമീപം മാത്രം 12ഓളം പേർക്ക് കൊവിഡുണ്ട്. കൊവിഡ് പ്രതിരോധത്തോടൊപ്പം ഏരൂരിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ഇടമുളയ്ക്കൽ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം കഴിഞ്ഞ ദിവസം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. അടിയന്തരമായി ക്വാററന്റൈൻ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രഥമിക ചികിത്സാ കേന്ദ്രം ഒരുക്കുന്നതിനും പ‌ഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി കൊവിഡ് ഹെൽപ്പ് ലൈൻസെന്റർ സ്ഥാപിക്കുന്നതിനും വാ‌ർഡുതല ജാഗ്രതാസമിതി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് നടന്നയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. അഞ്ചൽ പഞ്ചായത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗവും നടന്നു