കൊട്ടാരക്കര: ഓർക്കാപ്പുറത്ത് ഇന്നലെ ഉച്ചയോടെ ടൗണിൽ അനുഭവപ്പെട്ട തിരക്ക് ഉത്രാടപ്പാച്ചിലിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു.കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ഇന്നും നാളെയും ഏർപ്പെടുത്തിയ ലോക്ഡൗണിനെ നേരിടാൻ ജനം ഇന്നലെ തിരക്കുകൂട്ടിയതാണ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും തിരക്കുണ്ടാകാനും ഗതാഗത കുരുക്കിനും കാരണമായത്. അവശ്യ സാധനങ്ങളും പാലും പച്ചക്കറിയും ബേക്കറി സാധനങ്ങളും വാങ്ങാനായി ഉച്ചയോടെ ജനം തിരക്ക് കൂട്ടി. പൊതുവാഹനങ്ങളിൽ യാത്രക്കാർക്ക് നിയന്ത്രണം ഉണ്ടായതിനെ തുടർന്ന് പലരും സ്വന്തം ഇരു ചക്ര വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും ടൗണുകളിലും മാർക്കറ്റിലും എത്തിയതാണ് ഗതാഗത കുരുക്കിന് വഴിവച്ചത്. പച്ചക്കറി കടകളിലും പ്രൊവിഷണൽ സ്റ്റോറുകളിലും ബേക്കറികളിലും സാധാരണയിൽ കവിഞ്ഞ തിരക്കനുഭവപ്പെട്ടു. മത്സ്യ മാർക്കറ്റിലും ചിക്കൻ ഫാമുകളിലും സാമാന്യം നല്ല തിരക്കായിരുന്നു. അപ്രതീക്ഷിതമായ തിരക്കിൽ പല ചിക്കൻ ഫാമിലെയും സ്റ്റോക്ക് തീർന്ന അവസ്ഥയും ഉണ്ടായി.സന്ധ്യയോടെ പാലും കിട്ടാക്കനിയായി. നാളെയും മറ്റന്നാളും വെബ്കോ ഔട്ട് ലെറ്റുകൾ ഉണ്ടോ എന്നറിയാത്തതിനാൽ അവിടെയും സന്ധ്യവരെ നീണ്ട ക്യൂ അനുഭവപ്പെട്ടു.