സിറ്റി പൊലീസ് ചുമത്തിയ പിഴ 2.11 കോടി
കൊല്ലം: കൊവിഡിൽ കച്ചവടവും ബിസിനസും തകർന്ന് ജനങ്ങളുടെ കീശ കാലിയാകുമ്പോൾ പൊലീസിന്റെ ഖജനാവ് നിറയുന്നു. കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് ദിവസത്തിനിടയിൽ സിറ്റി പൊലീസ് 2.11 കോടി രൂപ പിഴ ചുമത്തി. 1,53,70,000 രൂപ മാസ്ക് ധരിക്കാത്തതിനും 57,71,000 രൂപ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് പിഴ ഈടാക്കിയത്. ഇന്നലെ രാവിലെ വരെയുള്ള കണക്കാണിത്.
മാസ്ക് ധരിക്കാത്തതിന് അഞ്ഞൂറ് രൂപ വീതമാണ് പിഴ. കൈയിൽ പണം ഉള്ളവരിൽ പലരും അപ്പോൾ തന്നെ അടച്ച് രക്ഷപെടുന്നുണ്ട്. ചിലർ സ്റ്റേഷനിൽ കൊണ്ടുചെന്ന് അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് പോകുന്നത്. വളരെ ചുരുക്കം പേർ കോടതിയിൽ അടയ്ക്കാമെന്ന് പറഞ്ഞ് നോട്ടീസ് വാങ്ങി പോകുന്നു. സാമൂഹിക അകലം പാലിക്കാത്തതിനുള്ള പിഴ പ്രധാനമായും വ്യാപാര സ്ഥാപനങ്ങൾക്കാണ് ചുമത്തുന്നത്.
കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയതിനേക്കാൾ വലിയ തുക വാഹന പരിശോധനയ്ക്കിടെ ചുമത്തിയ പിഴകളുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നും നാളെയുമായുള്ള പ്രത്യേക നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് സിറ്റി പൊലീസിന്റെ തീരുമാനം.
നിരത്തുകളിൽ ജനം കുറഞ്ഞു
പൊലീസ് പരിശോധന കർശനമായതോടെ പലരും അനാവശ്യ യാത്രകൾ ഒഴിവാക്കുന്നുണ്ട്. ചായക്കടകളിലും നിരത്തുകളിലും ആളുകളുടെ എണ്ണവും കുറഞ്ഞു. കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പേർക്ക് പിഴ ചുമത്തുന്നതും കേസെടുക്കുന്നതും കൊല്ലം സിറ്റി പൊലീസാണ്. ഇത്രയും കർശന നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് കൊല്ലത്ത് കൊവിഡ് വ്യാപനം അല്പം കുറഞ്ഞ് നിൽക്കുന്നതെന്നാണ് പൊലീസുകാരുടെ പക്ഷം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ പിഴ
മാസ്ക് ധരിക്കാത്തവർ: 44,610 പേർ
ഈടാക്കിയ പിഴ: 1.53 കോടി
ഒടുക്കിയത്: 80.75 ലക്ഷം
സാമൂഹിഅകലം പാലിക്കാത്തവർ: 21,789
ഈടാക്കിയ പിഴ: 57.71 ലക്ഷം
ഒടുക്കിയത്: 40.39 ലക്ഷം
താക്കീത്: 1,96,472
ആകെ സ്ക്വാഡുകൾ: 124