angan

ചാത്തന്നൂർ: ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത മനോവിഷമത്തിൽ അങ്കണവാടി വർക്കർ അങ്കണവാടി കെട്ടിടത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടുകാർ യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങളെ തുടർന്ന് ഐ.സി.ഡി.എസ് ഇത്തിക്കര ബ്ലോക്കിലെ 115-ാം നമ്പർ അങ്കണവാടിയിലെ വർക്കർ റീബയാണ് (35) ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. സമീപവാസികൾ ജനലിലൂടെ സംഭവം കണ്ട് ഓടിയെത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. മേലുദ്യോഗസ്ഥരോട് മോശമായി സംസാരിച്ചെന്നാരോപിച്ച് മാസങ്ങളായി ചില ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15ന് ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫീസിൽ വിളിച്ചുവരുത്തി പരസ്യമായി ശകാരിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. 20ന് വിശദീകരണം നൽകിയെങ്കിലും ഇന്നലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് നൽകി. ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റ റീബയെ നെടുങ്ങോലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ പൊലീസ് റീബയുടെയും റീബയെ ആശുപത്രിയിലെത്തിച്ചവരുടെയും മൊഴി രേഖപ്പെടുത്തി.

''

റീബയ്ക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ആരോപണങ്ങളോ അതിന്മേലുള്ള നടപടികളോ അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല.

എ.എൽ.എം.എസ്.സി അംഗങ്ങൾ