കൊട്ടാരക്കര: കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങളും പരിശോധനയും കർശനമാക്കി. ഇന്നലെ മാത്രം സാമൂഹ്യ അകലം പാലിക്കാത്ത കേസുകളിൽ 18142 പേരെ കണ്ടെത്തുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തു. കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച 856 പേർക്കെതിരെ കേസ് എടുത്തു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂറൽ ജില്ലാ മേധാവി കെ.ബി.രവി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ കർ‌ശനമാക്കിയതിന്റെ ഭാഗമായി

ഇന്നലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂർ, മാവടി,കുളക്കട,പൂവറ്റൂർ പുത്തൂ‌ർ മുക്ക് എന്നീ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കൊട്ടാരക്കര തഹസീൽദാറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊവിഡ് മാനദണ്ഡം ലംഘിച്ച 3 പേരിൽ നിന്ന് പിഴ ഈടാക്കി. 20 ൽ പരം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 25 പേരെ താക്കീത് ചെയ്തുവിടുകയും ചെയ്തു.പരിശോധനയ്ക്ക് ഡെപ്യൂട്ടി തഹസീൽദാർ ഷിജു, സെക്ടറൽ മജിസ്ട്രേറ്റ് ധന്യ, താലൂക്ക് ഓഫീസ് ജീവനക്കാരായ സുനിൽ, അനീഷ്, ശ്രീകുമാർ, മനോജ് എന്നിവരും പുത്തൂർ പൊലീസും പങ്കെടുത്തു.