ചാത്തന്നൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ തീവ്രതയേറുന്ന പശ്ചാത്തലത്തിൽ വാർഡുതല കൊവിഡ് പ്രതിരോധ കമ്മിറ്റികൾ പുനഃസ്ഥാപിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അറിയിച്ചു. ലോക്ക് ഡൗൺ പിൻവലിച്ചതോടെയാണ് വാർഡുതല കർമ്മ സമിതികളുടെ പ്രവർത്തനം നിറുത്തലാക്കിയത്.
ഇപ്പോൾ നടത്തുന്ന കൊവിഡ് പരിശോധനയ്ക്ക് സമാന്തരമായി വാക്സിനേഷൻ നടത്തുന്നതിന് മുന്നോടിയായാണ് വാർഡുതല സമിതികൾ പുനഃസ്ഥാപിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കും അതിലൂടെയുള്ള രോഗവ്യാപന സാദ്ധ്യതയും ഒഴിവാക്കാൻ കൂടിയാണ് ശ്രമം. വ്യാപാരികളുടെ സഹകരണത്തോടെ വ്യാപാരശാലകളിൽ ഉടമകൾക്കും ജീവനക്കാർക്കും വാക്സിൻ നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്..